ആഗോളീകരണം മുതലാളിത്തത്തിന്റെ ആര്‍ത്തിയുടെ മുഖം: കാനം

കൊച്ചി: മുതലാളിത്തത്തിന്റെ ആര്‍ത്തി പിടിച്ച മുഖമാണ് ആഗോളീകരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'ആഗോളീകരണ സമ്പദ് വ്യവസ്ഥയുടെ കാല്‍നൂറ്റാണ്ട്'  സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടം മൂലധന താല്‍പര്യത്തിന് മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. ഇതിനെതിരായ ചെറുത്തു നില്‍പാണ് രാജ്യത്ത് വിവിധ മേഖലകളില്‍ നിന്നുയരുന്നത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ ജാതീയമായും വര്‍ഗീയമായും ജനതയെ ഭിന്നിപ്പിക്കുകയാണ് മോദി ഭരണകൂടമെന്നും കാനം പറഞ്ഞു.
രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കൈകളിലാണ്. അതേ സമയം, ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 97ല്‍ നിന്ന് നൂറിലെത്തി. ഇത് മുന്‍കൂട്ടി കണ്ട് മുമ്പ് പ്രചാരണം നടത്തിയ ഇടതുപക്ഷത്തെ വികസന വിരോധികളെന്ന് ആക്ഷേപിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ അന്ന് ചൂണ്ടിപ്പറഞ്ഞ തൊഴിലാളി വിരുദ്ധ നയങ്ങളാണ് ഇന്ന് ശക്തമായി നടപ്പാക്കുന്നത്. കഴിഞ്ഞദിവസം നിലവില്‍വന്ന തൊഴില്‍ നിയമ ഭേദഗതിയാണ് ഇതില്‍ ഒടുവിലത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ കഴിയുന്നതെങ്ങനെയെന്നാണ് 15ാം ധനകാര്യ കമീഷനിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസനത്തിലെ അന്തരം വര്‍ധിച്ചതാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയാക്കിയതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ  പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി പി രാജു, പി എസ് സുപാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it