ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ല; ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമം- നടിമാര്‍

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ പൊട്ടിത്തെറി. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ സംരക്ഷിക്കാനാണ് സംഘടനാ ഭാരവാഹികള്‍ ശ്രമിക്കുന്നതെന്നും നടിക്ക് നീതി കിട്ടിയിട്ടില്ലെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് സംഘടനാ പ്രവര്‍ത്തകരും അമ്മയിലെ അംഗങ്ങളുമായ രേവതി, പത്മപ്രിയ, പാര്‍വതി, റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കറുത്ത വസ്ത്രം ധരിച്ചെത്തിയ നടിമാര്‍ സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് വാര്‍ത്താസമ്മേളനത്തിലേക്കു കടന്നത്. അമ്മ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ തങ്ങളെ മൂന്നു നടിമാരെന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് തങ്ങളുടെ പേരു പോലും പറയാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് സ്വയം പരിചയപ്പെടുത്തിയതെന്ന് രേവതി പറഞ്ഞു.
മലയാള സിനിമയിലെ ആക്രമിക്കപ്പെട്ട നടി വലിയൊരു തുറന്നുപറച്ചില്‍ നടത്തിയിട്ടും അവര്‍ക്കു മാത്രം സംഘടനയില്‍ നിന്നു നീതി കിട്ടുന്നില്ല. വിഷയത്തില്‍ അമ്മ ഭാരവാഹികള്‍ പറഞ്ഞു പറ്റിക്കുകയായിരുന്നു. പ്രതിയായ നടനെ സംരക്ഷിക്കുന്ന നിലപാടാണ് ഭാരവാഹികള്‍ സ്വീകരിക്കുന്നത്. തങ്ങളെ മാനസികമായി മുറിവേല്‍പിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ദിലീപിന്റെ വിഷയത്തില്‍ ജനറല്‍ബോഡിക്കു മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് അവര്‍ പറയുന്നത്. നടന്‍ തിലകന്റെ കാര്യത്തില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അന്നു തീരുമാനമെടുത്തത്. എങ്കില്‍ ദിലീപിന്റെ വിഷയത്തില്‍ മാത്രം ജനറല്‍ബോഡിക്കേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നത് എന്തടിസ്ഥാനത്തിലാണ്?
അമ്മ, സംഘടനാ ഭാരവാഹികളുമായുള്ള യോഗത്തിനു ശേഷം പറഞ്ഞത് മാധ്യമങ്ങളോട് ഒന്നും പറയരുതെന്നാണ്. ഇനിയും മിണ്ടാതിരിക്കാനാവില്ല. കുറ്റാരോപിതനായ നടന്‍ അമ്മയിലുണ്ടോ ഇല്ലേ എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി പറയാന്‍ അവര്‍ തയ്യാറാകുന്നില്ല. ചര്‍ച്ചയില്‍ തങ്ങളുടെ ഭാഗം കേള്‍ക്കുന്നതിനു പകരം, കുറവുകള്‍ നിരത്തി വിചാരണ ചെയ്യാനാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ശ്രമിച്ചത്. ഇരയായ നടിയെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ വരെ ഉയര്‍ന്നു. ആക്രമണത്തിന് ഇരയായ നടിയുടെ ശബ്ദസന്ദേശം തങ്ങള്‍ കേള്‍പ്പിച്ചതോടെ ഭാരവാഹികള്‍ നിശ്ശബ്ദരായെന്നും നടി രേവതി പറഞ്ഞു.
ബൈലോയുടെ പേരു പറഞ്ഞ് കുറ്റാരോപിതനായ നടനെ സംരക്ഷിക്കുകയെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്, അല്ലാതെ നടിയെ സംരക്ഷിക്കാനല്ല. തങ്ങള്‍ അമ്മയില്‍ നിന്നു രാജിവയ്ക്കാന്‍ പോകുന്നില്ല. സംഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പോരാടും. തുടര്‍ന്നും അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്നും നടിമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it