ആക്രമണത്തിനിരയായ നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: കേസിലെ സാക്ഷികള്‍ പ്രതിഭാഗം ചേര്‍ന്ന് കൂറുമാറാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ യുവനടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങുന്നു. വനിതാ ജഡ്ജി കേസ് കേള്‍ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുള്‍പ്പെടുത്തി ഈയാഴ്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ പ്രധാന ആവശ്യം നേരത്തേ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു. താരസംഘടനയായ അമ്മയില്‍ കേസിലെ പ്രധാന പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യത്തിനു പുറമേ പള്‍സര്‍ സുനിയുടെ വക്കാലത്ത് പ്രമുഖ അഭിഭാഷകന്‍ ഒഴിഞ്ഞതും കൂടി കണക്കിലെടുത്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ മലയാള ചലച്ചിത്രലോകത്തെ പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ 385 സാക്ഷികളുണ്ട്. കേസില്‍ വിചാരണ നേരിടുന്ന നടന്‍ താരങ്ങളുള്‍പ്പെട്ട സംഘടനയിലേക്കു തിരിച്ചുവരുന്നത് കേസിനെ ബാധിക്കുമോയെന്ന് നടി ഭയപ്പെടുന്നു. നടന്റെ സ്വാധീനവലയത്തില്‍ സാക്ഷിമൊഴികള്‍ മാറ്റപ്പെടുമോ എന്നും സംശയിക്കുന്നു. താരസംഘടനയില്‍പ്പെട്ട പല പ്രമുഖ നടിമാരും കേസില്‍ സാക്ഷികളാണ്. വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് നടി നേരത്തേ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. നിലവില്‍ എറണാകുളം ജില്ലയില്‍ രണ്ടു വനിതാ ജഡ്ജിമാരാണുള്ളത്. ഇതിലൊരാള്‍ സിബിഐ കോടതി ജഡ്ജിയാണ്. മറ്റൊരാള്‍ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കുന്നു. ഈ സാഹചര്യം പരിഗണിച്ച് കേസില്‍ വനിതാ ജഡ്ജി വാദംകേള്‍ക്കണമെന്ന ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. ജില്ലയ്ക്കു പുറത്തുനിന്ന് വനിതാ ജഡ്ജിയെ വേണമെന്നും അതല്ലെങ്കില്‍ വിചാരണ വനിതാ ജഡ്ജിയുള്ള മറ്റേതെങ്കിലും ജില്ലയിലേക്കു മാറ്റണമെന്നും പുതിയ ഹരജിയില്‍ ആവശ്യപ്പെട്ടേക്കും. വനിതാ ജഡ്ജിയെ വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ക്കാനിടയില്ല.
Next Story

RELATED STORIES

Share it