Flash News

ആകാശയാത്രയില്‍ അപാകതയില്ല; ചെലവായ പണം സിപിഎം നല്‍കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്റ്റര്‍ യാത്രയെ ന്യായീകരിച്ച് സിപിഎം. പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കിയ നടപടിയില്‍ അപാകതയില്ല. യാത്രാ തുക സിപിഎം നല്‍കേണ്ടതില്ലെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രാ ചെലവ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന പൊതുവികാരം.
തെറ്റിദ്ധാരണകളാണ് ഉത്തരവ് പിന്‍വലിക്കാന്‍ കാരണമെന്ന് മന്ത്രി എ കെ ബാലന്‍ യോഗത്തില്‍ വിശദീകരിച്ചു. ചെലവായ തുക പാര്‍ട്ടി തിരിച്ചുനല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും പൊതുഭരണ വകുപ്പില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ അഭിപ്രായപ്പെട്ടു. സെക്രട്ടേറിയറ്റ് ഇതംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ യാത്രയില്‍ ഒരു അപാകതയുമില്ലെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും പിണറായിയുടെ യാത്രയ്ക്കു വേണ്ടി ചെലവാക്കിയിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണമെടുത്തത്. പ്രധാനമന്ത്രി ഉള്‍പ്പെടെ ഇതില്‍ നിന്നു പണമെടുക്കാറുണ്ട്. ഓഖി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പ്രത്യേക അക്കൗണ്ടിലാണ്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് ഉദ്യോഗസ്ഥരാണ്. നിയമവിരുദ്ധമായി ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ തിരിച്ചുള്ള യാത്രയുടെ ചെലവ് സംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി തിരിച്ച് മൂരിവണ്ടിയില്‍ പോവുമോയെന്നും മന്ത്രി ബാലന്‍ ചോദിച്ചു.
യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതാണ് സെക്രട്ടേറിയറ്റിന്റെ പുതിയ തീരുമാനം. അതിനിടെ, ദുരിതാശ്വാസ ഫണ്ട് മുമ്പും ഇത്തരം യാത്രകള്‍ക്കു വിനിയോഗിച്ചിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം പറഞ്ഞു. ദുരിതാശ്വാസ ഫണ്ടിലേക്ക് സംസ്ഥാന വിഹിതമായി നല്‍കുന്ന പത്തുശതമാനത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം അനുവദിച്ചത്. ഇതും പൊതുഭരണ ഫണ്ടില്‍ നിന്ന് പണം നല്‍കുന്നതും ഒരുപോലെയാണെന്നും കെ എം എബ്രഹാം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it