Districts

ആം ആദ്മി സര്‍ക്കാര്‍ ലോക്പാല്‍ ബില്ല് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: അധികാരത്തിലേറി ഒമ്പതുമാസത്തിനു ശേഷം ആം ആദ്മി സര്‍ക്കാര്‍ നിയമസഭയില്‍ ഡല്‍ഹി ജനലോക്പാല്‍ ബില്ല് അവതരിപ്പിച്ചു. ഡല്‍ഹി, കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിനെതിരേ അന്വേഷണം നടത്താനും നടപടിയെടുക്കാനും ഓംബുഡ്‌സ്മാന് അധികാരം നല്‍കുന്ന ബില്ലാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഡല്‍ഹി അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന എല്ലാ അഴിമതിയും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഫലപ്രദവും സ്വതന്ത്രവുമായ നിയമ നിര്‍മാണമാണിതെന്നും സിസോദിയ അവകാശപ്പെട്ടു.
കേന്ദ്രമന്ത്രിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെതിരേയുള്ള അഴിമതി അന്വേഷണവും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കെജ്‌രിവാളും കേന്ദ്രവും തമ്മിലുള്ള പുതിയ പോരിന് വഴി വയ്ക്കാനിടയുണ്ട്. 2011ല്‍ അന്നാ ഹസാരെ മുന്നോട്ടുവച്ച ബില്ല് തന്നെയാണ് അവതരിപ്പിച്ചതെന്ന് സിസോദിയ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചെയര്‍മാനും മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയായിരിക്കും മൂന്നംഗ ലോക്പാലിനെ തിരഞ്ഞെടുക്കുന്നത്.
നിയമസഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ലോക്പാലിനെ മാറ്റാന്‍ സാധിക്കുകയുള്ളൂവെന്ന് ബില്ലില്‍ നിബന്ധനയുണ്ട്. എന്നാല്‍ ലോക്പാലിന്റെ നിയമനത്തെയും പുറത്താക്കലിനെയും കുറിച്ചുള്ള ബില്ലിലെ പരാമര്‍ശത്തെ മുന്‍ എഎപി നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ബിജെപിയും എതിര്‍ത്തു. ലോക്പാല്‍ ബില്ലിലെ പലവ്യവസ്ഥകളിലും മായംചേര്‍ത്ത് കെജ്‌രിവാള്‍ വലിയ കാപട്യമാണ് കാണിച്ചതെന്നാണ് അവരുടെ ആരോപണം.
Next Story

RELATED STORIES

Share it