malappuram local

അസൗകര്യങ്ങള്‍ മുഖമുദ്രയായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികളനുഭവിക്കുന്നത് നരകയാതന

റജീഷ്  കെ  സദാനന്ദന്‍

മഞ്ചേരി: മാലിന്യ സംസ്‌കരക്കരണത്തിനടക്കമുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ കുറവ് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളെ അക്ഷരാര്‍ഥത്തില്‍ വലക്കുകയാണ്. രോഗങ്ങള്‍ ഏതു സമയവും പിടിപെടാവുന്ന അവസ്ഥ ആശുപത്രി പരിസരത്ത് സജീവമായി നിലനില്‍ക്കുന്നു. ദിവസവും ആയിരങ്ങള്‍ ചികില്‍സ തേടുന്ന ആശുപത്രിയില്‍ ഒപിയിലും വാര്‍ഡുകളിലും അനുഭവപ്പെടുന്ന തിരക്ക് ഉള്‍ക്കൊള്ളാന്‍ നിലവിലെ കെട്ടിട സൗകര്യങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇതിനിടയില്‍ തുടരുന്ന മാലിന്യ പ്രശ്‌നം രോഗികളേയും ജീവനക്കാരേയും ഒരുപോലെ വലയ്ക്കുകയാണ്.
വിസര്‍ജ്യമാലിന്യങ്ങളെന്നപോലെ ശസ്ത്രക്രിയ വിഭാഗത്തില്‍ നിന്നുള്ള മലിനജലവും കാര്യമായ സംസ്‌കരണമേതുമില്ലാതെ പുറത്തേയ്ക്ക് തള്ളുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. അത്യാഹിത വിഭാഗത്തോടു ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയ വിഭാഗമുള്‍പെടുന്ന കെട്ടിടത്തിലെ മാലിന്യങ്ങള്‍ പുറംതള്ളുന്നത് നേരിട്ട് തുറന്നു കിടക്കുന്ന അഴുക്കു ചാലിലേക്കാണ്. ഇത് തുറന്നുവിട്ടിരിക്കുന്നതാവട്ടെ ആതുരാലയത്തിനു മുന്നിലെ പ്രധാന അഴുക്കു ചാലിലേക്കും. രക്തമടക്കമുള്ള മാലിന്യങ്ങള്‍ നേരിട്ട് ആശുപത്രി പരിസരത്ത് ഒഴുകി പരക്കുന്നത് രോഗപകര്‍ചാ സാധ്യത അനുദിനം ഉയര്‍ത്തുകയാണ്.
മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം വേണമെന്ന ആവശ്യം താലൂക്ക് ആശുപത്രിയായിരുന്ന കാലം മുതല്‍ മഞ്ചേരിയില്‍ ഉയരുന്ന ജനകീയാവശ്യമാണ്. താലൂക്ക് ആശുപത്രിയായി മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആതുരാലയം 1969ല്‍ ജില്ലാ ആശുപത്രിയായും 2010ല്‍ ജനറല്‍ ആശുപത്രിയും വികസിപ്പിച്ച ശേഷം 2013 സെപ്തംബര്‍ ഒന്നിന് മെഡിക്കല്‍ കോളജായി പദവി ഉയര്‍ത്തുകയായിരുന്നു.
പദവി ഉയര്‍ത്തലിന്റെ ഭാഗമായി പഴയ ആശുപത്രി കെട്ടിടത്തിലെ പല വാര്‍ഡുകളും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലക്ചറര്‍ ഹാളുക്കിയിരുന്നു. നിലവിലെ ഒപി കെട്ടിടത്തിന് മുകളിലെ നാലും അഞ്ചും നിലകള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ താമസത്തിനായി വിട്ടു നല്‍കിയതും നിലവിലെ വാര്‍ഡുകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനു തടസ്സമായി.
വിവിധ വിഭാഗങ്ങളിലായി 15ല്‍ പരം വാര്‍ഡുകളുള്ള മെഡിക്കല്‍ കോളജില്‍ ജനറല്‍ വാര്‍ഡിലും ഗൈനക്കോളജി, ശിശു രോഗ വിഭാഗം, എല്ലു രോഗ വിഭാഗം, ശസ്ത്രക്കിയകള്‍ക്ക് വിധേയരായവരെ ശുശ്രൂഷിക്കുന്ന വാര്‍ഡ് എന്നിവിടങ്ങളിലെല്ലാം കട്ടിലുകളിലും വാര്‍ഡുകളിലെ തറകളിലും രോഗികള്‍ നിറഞ്ഞ് വരാന്തകളില്‍ അഭയം തേടുന്ന കാഴ്ചയാണ്. രോഗികളുടെ ബാഹുല്യത്താല്‍ പ്രത്യേക പരിചരണം അര്‍ഹിക്കുന്ന രോഗികള്‍ക്കു പോലും കൃത്യമായ ചികില്‍സയും പരിചരണവും ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കാനാവുന്നില്ല.
നവജാത ശിശുക്കളും അമ്മമാരുമടക്കമുള്ളവര്‍ വിവിധ വാര്‍ഡുകളിലേക്കുള്ള സന്ദര്‍ശകര്‍ കടന്നുപോവുന്ന വരാന്തകളില്‍ രോഗ പ്രതിരോധ സംവിധാനങ്ങളേതുമില്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നത്. പനിയും മറ്റു പകര്‍ച രോഗങ്ങളും ജനാരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുമ്പോള്‍ വരാന്തകളിലുള്ള രോഗികളുടെ ആരോഗ്യനില പരിശോധിക്കാന്‍ ജീവനക്കാര്‍ക്കാവുന്നില്ല. രോഗികളടക്കമുള്ളവര്‍ നിരന്തരം കടന്നുപോവുന്ന വഴികളില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ കിടക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. മാലിന്യാതിപ്രസരത്താല്‍ കൊതുകു ശല്യം വര്‍ധിക്കുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
കൊതുകുവലകള്‍ വാങ്ങിയും കൊതുകുനിവാരണ തിരികള്‍ കത്തിച്ചുമാണ് രോഗികള്‍ സ്വയ സുരക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ തേടുന്നത്. നിപ വൈറസ് ബാധയും ഡെങ്കിപ്പനിയും ജനാരോഗ്യത്തിനു ഭീഷണി വിതയ്ക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകളെകുറിച്ച് ആരോഗ്യ വകുപ്പും വാചാലരെങ്കിലും ആരോഗ്യ വകുപ്പിന്റെ സേവനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച സാധാരണക്കാരാണ് രാഷ്ട്രീയ താല്‍പര്യങ്ങളില്‍ അധിഷ്ഠിതമായ ആരോഗ്യ വികാസത്തിന്റെ ഇരകളാവുന്നത്.
Next Story

RELATED STORIES

Share it