Kottayam Local

അസൗകര്യങ്ങളുടെ നടുവില്‍ കാഞ്ഞിരപ്പള്ളി ഇഎസ്‌ഐ ഡിസ്‌പെന്‍സറി



കാഞ്ഞിരപ്പള്ളി: ഒരു വര്‍ഷം മുമ്പു പ്രവര്‍ത്തനം ആരംഭിച്ച ഇഎസ്‌ഐ ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് ഉപകരണങ്ങളോ കംപ്യൂട്ടര്‍ സൗകര്യങ്ങളോ ഫോണോ ഇല്ല. 1200 പേര്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രിയില്‍ രോഗികളുടെ വിവരങ്ങള്‍ ഇപ്പോഴും രജിസ്റ്റര്‍ ബുക്കുകളില്‍ എഴുതിച്ചേര്‍ക്കേണ്ട അവസ്ഥയാണ്. ദിവസേന ഇവിടെ 40ഓളം പേര്‍ ചികില്‍സയ്ക്കായി എത്തുന്നുണ്ട്. പേരു വിവരങ്ങളും ആനുകൂല്യം സംബന്ധിച്ച വിവരങ്ങള്‍ക്കും രജിസ്റ്ററിനെ തന്നെ ആശ്രയിക്കണം. ഡിസ്‌പെന്‍സറിയിലെ ഓഫിസ് ജോലികള്‍ക്ക് പുറത്ത് ഇന്റര്‍നെറ്റ് സെന്ററിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇഎസ്‌ഐ കോര്‍പറേഷനും തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ താലൂക്കില്‍ 4000ഓളം തൊഴിലാളികളും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 8000ത്തിലധികം ആളുകളാണുള്ളത്. ആശുപത്രി സ്ഥാപിച്ചിട്ട് ഒരു വര്‍ഷമായിട്ടും ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1200 തൊഴിലാളികള്‍ മാത്രം. രണ്ട് ഷിഫ്റ്റുകളിലായി മൂന്ന് ഡോക്ടര്‍മാരും 17 ജീവനക്കാരുമുണ്ട്. താലൂക്കിനെ ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ 2000ത്തില്‍ കുറയാത്ത തൊഴിലാളികളും അവരുടെ ആശ്രിതരുമായി 5000ത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന. പല സ്ഥാപനങ്ങളും തൊഴില്‍ ഉടമകളും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കണക്കില്‍പ്പെടുത്താതെ ഇവരുടെ വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായ ചികില്‍സാ ഇന്‍ഷുറന്‍സ് ലഭ്യമാക്കാതെ വരുന്നതായും ആരോപണമുണ്ട്. 20 ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരേ ഇഎസ്‌ഐ പരിരക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചട്ടം.ഇഎസ്‌ഐ പരിരക്ഷ ലഭിക്കുന്നതു വഴി തൊഴിലാളിക്കു മാത്രമല്ല അവരുടെ കുടുംബത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാവും. അപകടങ്ങള്‍ക്കും രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സയ്ക്ക് പുറമേ തൊഴിലിനിടെ മരണം വരെ സംഭവിച്ചാല്‍ അവകാശിക്കു മരണം വരെ നിശ്ചിത തുക മാസം തോറും ലഭ്യമാവും.
Next Story

RELATED STORIES

Share it