അസ്താന കേന്ദ്ര സര്‍വീസിലേക്ക്; കീറാമുട്ടിയായി വിജിലന്‍സ് ഡയറക്ടര്‍ പദവി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് മടങ്ങുന്നതോടെ ഒഴിവു വരുന്ന വിജിലന്‍സ് ഡയറക്ടര്‍ പദവി സര്‍ക്കാരിനു വീണ്ടും തലവേദനയായേക്കും. കേന്ദ്ര സര്‍വീസിലേക്ക് മടങ്ങാനുള്ള വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താനയുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് കേന്ദ്രം അംഗീകരിച്ചത്. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിനു കൈമാറുകയും ചെയ്തിരുന്നു. അസ്താന ബിഎസ്എഫിന്റെ ചുമതലയിലേക്കു പോവുമെന്നാണ് സൂചന.
ഏറെ വിവാദങ്ങള്‍ക്കും തത്രപ്പാടുകള്‍ക്കും ശേഷമാണ് കേഡര്‍ പോസ്റ്റായ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എന്‍ സി അസ്താനയെ കൊണ്ടുവന്നത്. ആദ്യം മുതലേ പദവിയില്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച അസ്താന ഡല്‍ഹിയില്‍ നിന്നു സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയെങ്കിലും സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഉടനെ കേന്ദ്ര സര്‍വീസിലേക്കു പോവാനുള്ള ശ്രമവും തുടങ്ങിയിരുന്നു. അതിനു കേന്ദ്രവും പച്ചക്കൊടി കാട്ടിയതോടെ വിജിലന്‍സ് ഡയറക്ടര്‍ പദവി സര്‍ക്കാരിന് തലവേദനയാകുമെന്നുറപ്പായി.
അസ്താന കേന്ദ്രത്തിലേക്കു മടങ്ങിപ്പോകുന്നതോടെ എ ഹേമചന്ദ്രനു കൂടി ഡിജിപി പദവി ലഭിക്കും. എന്നാല്‍, നിലവിലെ ഡിജിപി പദവിയുളള ഋഷിരാജ് സിങ്, ഹേമചന്ദ്രന്‍ എന്നിവര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ പദവി നല്‍കാന്‍ സര്‍ക്കാരിനു താല്‍പര്യവുമുണ്ടാവില്ല. പിന്നെയുള്ള ഡിജിപിമാരില്‍ ബെഹ്‌റ പോലിസ് മേധാവിയും ജേക്കബ് തോമസ് സസ്‌പെന്‍ഷനിലുമാണ്. സംസ്ഥാനത്ത്് 12 ഡിജിപിമാരുണ്ടെങ്കിലും ഇവരൊഴികെയുള്ളവര്‍ക്ക് എഡിജിപി ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ. അതിനിടെ വിജിലന്‍സ് കമ്മീഷന്‍ രൂപീകരിച്ച് ഒരു എഡിജിപിയെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള ശ്രമവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it