അസ്താനയ്‌ക്കെതിരായ സിബിഐ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞു

കെ എ സലിം

ന്യൂഡല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായി സിബിഐ തന്നെ എടുത്ത കൈക്കൂലിക്കേസില്‍ തല്‍സ്ഥിതി തുടരാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അസ്താനയാണ് കോടതിയെ സമീപിച്ചത്. അസ്താനക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി എസ്പി ദേവേന്ദര്‍ കുമാറും ഹരജി നല്‍കിയിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, ജോയിന്റ് ഡയറക്ടര്‍ എ കെ ശര്‍മ, പേഴ്‌സനല്‍ ആന്റ് ട്രെയിനിങ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് നോട്ടീസയക്കാനും ജസ്റ്റിസ് നജീമി വസീരി ഉത്തരവിട്ടു.
കേസില്‍ അസ്താനയുടെ കീഴിലുള്ള ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി എസ്പി ദേവേന്ദര്‍ കുമാറിനെ കഴിഞ്ഞദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. മാംസകയറ്റുമതി വ്യവസായി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേസിലെ മറ്റൊരു പ്രതിയും ഹൈദരാബാദ് സ്വദേശിയുമായ വ്യവസായി സന സതീഷില്‍ നിന്ന് മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണ് അസ്താനയ്‌ക്കെതിരായ കേസ്. കേസിലെ ഒന്നാംപ്രതിയാണ് രാകേഷ് അസ്താന.
ദേവേന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തനിക്കെതിരേ കടുത്ത നടപടികള്‍ പാടില്ലെന്ന് ഉത്തരവിടണമെന്ന് അസ്താന കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത്തരമൊരു ഉത്തരവ് കൊടുക്കാന്‍ വിസമ്മതിച്ച കോടതി, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതോടൊപ്പം ദേവേന്ദര്‍ കുമാറിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. കേസ് ഈ മാസം 29ലേക്ക് മാറ്റിവച്ച കോടതി, അതിനു മുമ്പ് മറുപടി നല്‍കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടു. കേസിലെ രണ്ടാംപ്രതിയായ ദേവേന്ദര്‍ കുമാറിനെ കഴിഞ്ഞദിവസമാണ് സിബിഐ തന്നെ അറസ്റ്റ് ചെയ്യുന്നത്.
അതോടൊപ്പം അദ്ദേഹത്തിന്റെ സിബിഐ ആസ്ഥാനത്തു തന്നെയുള്ള ഓഫിസ് സിബിഐ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. മോയിന്‍ ഖുറേഷി കേസിലെ അന്വേഷണ രേഖകളില്‍ ദേവേന്ദര്‍ കൃത്രിമം കാട്ടിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
ദുബയ് ആസ്ഥാനമായുള്ള ബിസിനസുകാരായ മനോജ് പ്രസാദ്, സഹോദരന്‍ സോമേഷ് പ്രസാദ് എന്നിവരും ഈ കേസില്‍ പ്രതികളാണ്. അന്വേഷണം അട്ടിമറിക്കാന്‍ 2017 ഡിസംബര്‍ മുതലുള്ള 10 മാസത്തിനിടെ മൂന്ന് കോടി അസ്താനയ്ക്കു നല്‍കിയതായി സന സതീഷ് മൊഴി നല്‍കിയിരുന്നു. ഇതിനിടെ, അസ്താനയെ പ്രതിചേര്‍ത്തതിനു പിന്നാലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ 12ഓളം പരാതികളുമായി അസ്താന കാബിനറ്റ് സെക്രട്ടറിയെ സമീപിച്ചിരുന്നു. സന സതീഷിനെ രക്ഷിക്കാന്‍ അലോക് വര്‍മ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയുടെ ആരോപണം. ഹരിയാനയിലെ ഭൂമിയിടപാട് കേസ്, സെന്റ് കിറ്റ്‌സില്‍ രണ്ട് ഇന്ത്യക്കാര്‍ പൗരത്വത്തിന് ശ്രമിച്ച കേസ് തുടങ്ങിയ കേസുകളിലും അലോക് വര്‍മയ്‌ക്കെതിരേ അസ്താന ആരോപണം ഉന്നയിച്ചിട്ടുണ്ട്. അസ്താന മോദിയുടെ സ്വന്തക്കാരനായാണ് അറിയപ്പെടുന്നത്.
ഇതിനിടെ, അറസ്റ്റിലായ ദേവേന്ദറിനെ ചോദ്യം ചെയ്യാനായി സിബിഐ കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ദേവേന്ദര്‍ കേസ് അട്ടിമറിക്കുന്ന സംഘത്തിന്റെ ഭാഗമാണെന്നും സിബിഐ ആരോപിച്ചു. എന്നാല്‍, ദേവേന്ദറിന്റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ദേവേന്ദറിനെതിരായ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താനുള്ള അനുമതി നല്‍കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it