Editorial

അസാധാരണമായ വീട്ടുതടങ്കല്‍

അസാധാരണമായ വീട്ടുതടങ്കല്‍
X

എം എച്ച് ഷിഹാസ്, ഈരാറ്റുപേട്ട

വിവാഹം അസാധുവാക്കി ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം അയച്ച, ഇസ്‌ലാംമതം സ്വീകരിച്ച ഡോ. ഹാദിയ കടുത്ത മനുഷ്യാവകാശലംഘനം നേരിടുന്നുവെന്ന വിവരങ്ങളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മെയ് 24നാണ് ഹൈക്കോടതി, പ്രായപൂര്‍ത്തിയായ, മെഡിസിനില്‍ ബിരുദമുള്ള ഹാദിയയെ ബലമായി പിതാവ് അശോകനൊപ്പം പറഞ്ഞുവിട്ടത്. ഇപ്പോള്‍ പോലിസ് സുരക്ഷയില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് ആ യുവതി. മുറിയില്‍നിന്നു പുറത്തിറങ്ങാന്‍പോലുമാവാതെ, പോലിസ് അകമ്പടിയോടെയുള്ള ജീവിതം ഹാദിയയെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കണമെന്നു തീര്‍ച്ച. ടിവി കാണാനോ പത്രം വായിക്കാനോ അനുവാദമില്ലത്രേ. മൊബൈല്‍ ഫോണിന് വിലക്കുണ്ട്. അതോടെ പുറംലോകവുമായി ഒരുതരത്തിലും ബന്ധപ്പെടാനാവാത്ത അവസ്ഥയാണവര്‍ക്ക്. തന്റെ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ചെന്നും താന്‍ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചെന്നും കേരളീയ സമൂഹത്തോട് വിളിച്ചുപറഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഹാദിയ നേരിടുന്ന പീഡനങ്ങള്‍. ആദ്യം നാലുമാസത്തിലധികം അവര്‍ ഒരു ഹോസ്റ്റലില്‍ ഏതാണ്ട് തടങ്കലില്‍ തന്നെയായിരുന്നു. ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത, രക്ഷിതാക്കള്‍ക്കു മാത്രം പ്രവേശനമുള്ള ഹോസ്റ്റല്‍ ജീവിതം. അതിനുശേഷം ഹൈക്കോടതി പോലിസ് സംരക്ഷണത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം അയക്കുന്നു. പോലിസ് ബലമായി പിടിച്ചുകൊണ്ടുപോവുമ്പോള്‍, ''ദയവായി എന്നെ രക്ഷിക്കണം. പ്ലീസ്... പ്ലീസ്'' എന്ന് ഹാദിയ നിലവിളിക്കുന്നുണ്ടായിരുന്നു. തനിക്കു മാതാപിതാക്കള്‍ക്കൊപ്പം പോവേണ്ടെന്നും താന്‍ മുസ്‌ലിമായെന്നും ഹാദിയ വിളിച്ചുപറഞ്ഞെങ്കിലും ഇതൊന്നും ഗൗനിക്കാതെ, അസാധാരണമായ കാര്യക്ഷമതയോടെ, പോലിസ് ബലംപ്രയോഗിച്ച് ഹാദിയയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അന്നു തുടങ്ങിയതാണ് വീട്ടുതടങ്കല്‍. 20ഓളം പോലിസുകാര്‍, നാലഞ്ച് വനിതാ പോലിസുകാര്‍ അവരെ വലയം ചെയ്തിരിക്കുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കോ മാധ്യമപ്രവര്‍ത്തകര്‍ക്കോ ആ വഴിക്ക് കടന്നുചെല്ലാന്‍ പറ്റുന്നില്ല. പോലിസ് സംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിക്കണം എന്നുമാത്രമേ കോടതി അന്നു പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, സര്‍ക്കാര്‍ ഹാദിയ സംഭവത്തില്‍ അമിതാവേശം കാണിക്കുകയാണെന്നു തീര്‍ച്ച. ഹാദിയയുടെ കൂടെ കിടക്കാന്‍ വനിതാ പോലിസുകാര്‍. വീടിനു ചുറ്റുമുള്ള ഇടവഴികളിലെല്ലാം സെര്‍ച്ച് ലൈറ്റുകള്‍. കൂടാതെ നാലഞ്ച് ജീപ്പുകളിലായി പോലിസ് റോന്തുചുറ്റലും. ആകപ്പാടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍. ഇതു കൂടാതെ ആര്‍എസ്എസുകാരുടെ മറ്റൊരു വലയം. ഒരു ക്രിമിനല്‍ കുറ്റവാളിയുടെ പരിവേഷമാണ് ഹാദിയക്ക് സര്‍ക്കാര്‍ നല്‍കുന്നത്. തീവ്രവാദികളുടെ ഭീഷണിയുള്ള ഒരാള്‍ക്കുവരെ പോലിസ് ഇത്തരത്തില്‍ കാവല്‍ നില്‍ക്കുകയില്ല. ഒരു ഇന്ത്യന്‍ പൗരയെന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങള്‍ അതിഭീകരമായി ലംഘിക്കപ്പെടുകയാണിവിടെ. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമൊക്കെ കുറ്റകരമായ മൗനം പാലിക്കുന്നു. സ്ട്രീറ്റ് ലൈറ്റ് ഫ്യൂസായാല്‍ പോലും പ്രസ്താവനയുമായി വരുന്നതാണ് മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീജോലിക്കാര്‍ക്ക് ഇരിക്കാന്‍ കസേരയില്ലെങ്കില്‍ വനിതാ കമ്മീഷന് കോപം വരും.   കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചില വനിതാ-മനുഷ്യാവകാശ സംഘടനകളും മാത്രമാണിത് വിഷയമാക്കുന്നത്. പക്ഷേ, ഹാദിയ നേരിടുന്ന വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചോ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചോ മറ്റാരും ഒന്ന് ഉരിയാടാന്‍പോലും തയ്യാറാവുന്നില്ല. ഭരണത്തിന്റെ ഒന്നാം വാര്‍ഷികാഘോഷതകൃതിയില്‍ ഹാദിയ അനുഭവിക്കുന്ന ഭീതിദമായ ഈ മനുഷ്യാവകാശലംഘനം കണ്ടില്ലെന്നു നടിക്കുകയാണു സര്‍ക്കാര്‍.
Next Story

RELATED STORIES

Share it