അസഹിഷ്ണുത കാര്യമാക്കുന്നില്ല: ജ. കുര്യന്‍ ജോസഫ്

കൊച്ചി: രാഷ്ട്രീയക്കാര്‍ക്കും ഭരിക്കുന്നവര്‍ക്കും അസഹിഷ്ണുത ഉണ്ടാവാമെങ്കിലും കാര്യമാക്കുന്നില്ലെന്നു സുപ്രിം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. അതു മുഖവുരയ്‌ക്കെടുക്കാതെ സത്യം തുറന്നുപറഞ്ഞു കൊണ്ടേയിരിക്കണമെന്നും അദേഹം പറഞ്ഞു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദി സംബന്ധിച്ച് സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ സമാപന ദിവസത്തില്‍ അസഹിഷ്ണുതയെപ്പറ്റിയുള്ള സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉള്ളില്‍ നേരുള്ള വരയുണ്ടെങ്കില്‍ നട്ടെല്ലു വളയില്ല. നീതിപീഠം എക്കാലത്തും കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ഒപ്പമാണു നിലകൊണ്ടിട്ടുള്ളത്. നാടിന്റെ നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോള്‍ ഒറ്റപ്പെട്ട തുരുത്തുകളിലാണുള്ളത്. കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാട് ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ ഈയിടെ അറസ്റ്റ് ചെയ്തത് രാജ്യത്ത് വലിയ വാര്‍ത്തയായി. ആ കേസില്‍ വഴിവിട്ട നടപടിക്രമങ്ങള്‍ പാടില്ലെന്നാണു കോടതി നിര്‍ദേശിച്ചത്. ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നുണ്ട്. രാജ്യദ്രോഹം ആവാതെ അത് നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. പരിധിയും പരിമിതിയും തിരിച്ചറിയണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. എസ് എച്ച് കോളജ് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ബാബു ജോസഫ്, കാര്‍ട്ടൂണിസ്റ്റുകളായ ഉണ്ണികൃഷ്ണന്‍, സുധീര്‍നാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it