അസമില്‍ നിയമാനുസൃത താമസക്കാര്‍ 1.9 കോടി

ഗുവാഹത്തി: അതിര്‍ത്തി സംസ്ഥാനമായ അസമിലെ പൗരന്‍മാരെ തിട്ടപ്പെടുത്തിക്കൊണ്ടുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു. ഞായറാഴ്ച അര്‍ധരാത്രിയാണ് കരടു പട്ടിക പുറത്തിറക്കിയത്. ഇന്ത്യയിലെ നിയമാനുസൃത പൗരത്വത്തിന് 3.29 കോടി പേരാണ് അപേക്ഷ നല്‍കിയിരുന്നത്. നിലവില്‍ ഒന്നര കോടിയോളം പേര്‍ പട്ടികയ്ക്ക് പുറത്താണ്. ബാക്കിയുള്ളവര്‍ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് കരടു പട്ടിക പുറത്തിറക്കിക്കൊണ്ട് ഇന്ത്യന്‍ രജിസ്ട്രാര്‍ ജനറല്‍ സൈലേഷ് (ആര്‍ജിഐ) അറിയിച്ചു. പട്ടികയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഇതുവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ 1.9 കോടി പേര്‍ ഉള്‍ക്കൊള്ളുന്ന പട്ടികയാണിത്. ബാക്കിയുള്ളവരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതു പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ കരട് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പരിശോധന പൂര്‍ത്തിയാക്കിയാല്‍ അടുത്ത പട്ടികയില്‍ ഉള്‍പ്പെടുമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേല പറഞ്ഞു. പേരുകള്‍ പരിശോധിക്കുന്ന പ്രക്രിയ വളരെ കഠിനമാണ്. ആദ്യ കരടില്‍ ഒരേ കുടുംബത്തില്‍ പെട്ടവര്‍ തന്നെ ഉള്‍പ്പെടാതെ പോയിട്ടുണ്ടാവാമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത കരട് പ്രഖ്യാപിക്കുന്നത് എപ്പോള്‍ എന്നത് സുപ്രിംകോടതിയുടെ നിര്‍ദേശത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ആര്‍ജിഐ അറിയിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത്. ഏപ്രിലിലാണ് വിഷയം വീണ്ടും സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുക. പൗരത്വ രജിസ്റ്റര്‍ പുറത്തിറക്കുന്ന പ്രക്രിയ 2018ല്‍ പൂര്‍ത്തിയാവുമെന്ന് രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. 2015ലാണ് പൗരത്വ രജിസ്റ്ററിന്റെ അപേക്ഷ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചത്. അസമിലെ 68.27 ലക്ഷം കുടുംബങ്ങളില്‍ നിന്ന് 6.5 കോടി രേഖകളാണ് ഇതിനായി ലഭിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ സേവാകേന്ദ്രം വഴി ഇന്നു മുതല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാം. അവസാന കരടും പ്രസിദ്ധീകരിച്ച ശേഷം പരാതികള്‍ സ്വീകരിക്കും. 2013 ഡിസംബറിലാണ് പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട സുദീര്‍ഘ നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്ന് ആര്‍ജിഐ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 40 തവണയാണ് ഈ വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ നടന്നത്. 20ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ബംഗ്ലാദേശില്‍ നിന്ന് വലിയതോതില്‍ കുടിയേറ്റം നടന്ന അസമില്‍ മാത്രമാണ് ഇന്ത്യയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നിലവിലുള്ളത്. ആദ്യമായി 1951ലാണ് ഇത് തയ്യാറാക്കിയത്.
Next Story

RELATED STORIES

Share it