അസമിലെ 12ാം ക്ലാസ് പഠനസഹായി വിവാദത്തില്‍

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മൗനം പാലിച്ചുവെന്ന പാഠപുസ്തകത്തിലെ പരാമര്‍ശം വിവാദമായി. അസമിലെ 12ാം ക്ലാസ് പഠനസഹായ പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. ഇതേത്തുടര്‍ന്നു മൂന്നുപേര്‍ക്കെതിരേ അസം പോലിസ് കേസെടുത്തു.
അസമീസ് ഭാഷയിലുള്ള പഠനസഹായ പുസ്തകം തയ്യാറാക്കിയ ദുര്‍ഗകാന്ത ശര്‍മ (മുന്‍ പ്രഫസര്‍, ആര്യവിദ്യപീഠ് കോളജ്), റഫീഖ് ജമാന്‍ (മുന്‍ പ്രഫസര്‍, ഗോള്‍പാര കോളജ്), മനുഷ് പ്രൊടിം ബറുവ (മുന്‍ പ്രഫസര്‍, സൗത്ത് കാംരൂപ് കോളജ്) എന്നീ പഠനവിഭാഗം മുന്‍ മേധാവികള്‍ക്കെതിരെയാണ് ഗോലഘട്ട് സദര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ദുര്‍ഗ കാന്തശര്‍മ രണ്ടുവര്‍ഷം മുമ്പ് മരിച്ചു.
പുസ്തകത്തിന്റെ 376ാം പേജിലാണ് മോദിക്കെതിരായ പരാമര്‍ശമുള്ളത്. ഗുജറാത്ത് കലാപസമയത്ത് നരേന്ദ്ര മോദി മൗനം പാലിച്ചുവെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. 2011ലാണ് 12ാം ക്ലാസിലെ സാമൂഹികശാസ്ത്ര വിഷയത്തില്‍ ഈ പഠനസഹായി വിപണിയിലിറങ്ങിയത്.
സംഘപരിവാര പ്രവര്‍ത്തകരായ സൗമിത്ര ഗോസ്വാമി, മാനവ് ജ്യോതി ബോറ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുസ്തകം പിന്‍വലിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ഗുജറാത്ത് കലാപത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് പുസ്തകമെന്നാണ് സംഘപരിവാര പ്രവര്‍ത്തകരായ പരാതിക്കാരുടെ ആരോപണം.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് പുസ്തകം തയ്യാറാക്കിയവര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ ഒന്നുംതന്നെ പുസ്തകത്തില്‍ ഇല്ല. എന്‍സിഇആര്‍ടി പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നും ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പേ പുസ്തകം ഇറങ്ങിയതാണെന്നും മനുഷ് ബറുവ പറഞ്ഞു.

Next Story

RELATED STORIES

Share it