അസനോളില്‍ ഹിന്ദുത്വര്‍ 16കാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

കൊല്‍ക്കത്ത: രാമനവമി ഘോഷയാത്രയോട് അനുബന്ധിച്ച് വര്‍ഗീയ സംഘര്‍ഷം ഉടലെടുത്ത പശ്ചിമ ബംഗാളിലെ അസനോളില്‍ ഹിന്ദുത്വര്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ ബിഹാര്‍ സ്വദേശി സിബ്തുല്ല റാഷിദിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. അസനോള്‍ മസ്ജിദിലെ ഇമാം മൗലാനാ ഇമാദുര്‍റാഷിദിയുടെ മകനാണ് സിബ്തുല്ല. ചൊവ്വാഴ്ച റെയില്‍ പാര്‍കിങ് ഏരിയയില്‍ നിന്നാണ് സിബ്തുല്ലയെ ആള്‍ക്കൂട്ടം പിടിച്ചുകൊണ്ടുപോയത്. ആള്‍ക്കൂട്ടം സിബ്തുല്ലയെ മര്‍ദിച്ചു കൊല്ലുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
അവന്‍ പുറത്തു പോവുമ്പോള്‍ അവിടെ വലിയ ബഹളം നടക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. മൂത്ത സഹോദരന്‍ വീട്ടില്‍ വിവരമറിയിക്കുകയും പോലിസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, പോലിസ് ഇടപെടാന്‍ തയ്യാറായില്ലെന്നു കുടുംബം വ്യക്തമാക്കി. ഇതോടെ റാണിഗഞ്ചില്‍ നാലു ദിവസം മുമ്പ് രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ഹിന്ദുത്വര്‍ ആരംഭിച്ച കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച സിബ്തുല്ലയുടെ മരണത്തോടൊപ്പം 45കാരിയായ പ്രതിമാ ദേവിയുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു പേര്‍ വെസ്റ്റ് ബുര്‍ദാവന്‍ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗാനാസിലും കന്‍കിനാരയിലും ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്.
അതേസമയം, അസനോളിലെ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ കലാപം കൂടുതല്‍ കത്തിക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച് പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ ശ്രമിച്ച ബാബുല്‍ സുപ്രിയോയെ പോലിസ് തടയുകയും കേസെടുക്കുകയും ചെയ്തിരുന്നു. തനിക്കെതിരേ പ്രതിഷേധിക്കുന്നവരെ ജീവനോടെ തൊലിയുരിക്കുമെന്നും തന്നെ തടഞ്ഞ പോലിസുകാരെ പിരിച്ചുവിടുമെന്നും മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it