അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ വിവാദ പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പോലിസ്് പിന്‍വാങ്ങുന്നു. കോവളം സ്വദേശിയായ ബിഡിജെഎസിന്റെ പ്രാദേശിക നേതാവ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിക്കാരന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. വിദേശ വനിതയുടെ ബന്ധുക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ 3,80,000 രൂപ ഇവര്‍ പിരിച്ചതായാണു പരാതിയില്‍ പറഞ്ഞിരുന്നത്. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിന്റെ പേരില്‍ സര്‍ക്കാരിനെയും പോലിസിനെയും വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു അശ്വതി ജ്വാലയ്‌ക്കെതിരേ പരാതി ഉയര്‍ന്നത്. വിദേശവനിതയുടെ തിരോധാനത്തില്‍ സജീവമായി ഇടപെട്ടിരുന്ന ഇവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതോടെ അശ്വതി ജ്വാലയില്‍ നിന്ന് തിടുക്കത്തില്‍ മൊഴിയെടുക്കേണ്ടെന്നും, പകരം പരാതിക്കാരനെ സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്താമെന്നുമായിരുന്നു പോലിസിന്റെ തീരുമാനം.
എന്നാല്‍ അന്വേഷണം പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്നും പരാതിക്കാരനെ സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും സൂചനയുണ്ട്. അശ്വതി ജ്വാലയ്‌ക്കെതിരേ പരാതി നല്‍കിയതിനു പിന്നില്‍ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. തല്‍ക്കാലം അശ്വതിയുടെ മൊഴിയെടുക്കേണ്ടെന്നാണ് പോലിസ് തീരുമാനം.
വിദേശവനിതയെ കണ്ടെത്താനും അവരുടെ ബന്ധുക്കളെ സഹായിക്കാനും അശ്വതി ജ്വാലയായിരുന്നു മുന്നിലുണ്ടായിരുന്നത്. വിദേശ വനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ അവരുടെ ബന്ധുക്കളോടൊപ്പം അശ്വതി ജ്വാലയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിദേശവനിതയുടെ തിരോധാനത്തില്‍ പോലിസ് അനാസ്ഥ കാണിച്ചെന്നും ഒരുമാസത്തോളം പോലിസ് അന്വേഷണം നടത്തിയില്ലെന്നും അവര്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it