thrissur local

അശാസ്ത്രീയ സിഗ്നല്‍ സംവിധാനം പരിഷ്‌കരിക്കണമെന്നാവശ്യം

ചാലക്കുടി: പോട്ട ആശ്രമം ജംഗ്ഷന്‍ അപകട കെണിയായി മാറുന്നു. അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനമാണ് ഇവിടെ അപകടങ്ങള്‍ പെരുകാന്‍ കാരണമായി മാറുന്നത്. ഒരാഴ്ചക്കുള്ളില്‍ ആറോളം അപകടങ്ങളാണ് ഇവിടെ നടന്നത്.
സിഗ്നല്‍ ക്രമീകരണത്തില്‍ അപാകതയുള്ളതായും ആരോപണമുണ്ട്. ഇടുക്കൂട് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും ഇതിനോട് ചേര്‍ന്നുള്ള സര്‍വ്വീസ് റോഡിലെ വാഹനങ്ങളും തിങ്ങിനെരിഞ്ഞാണ് സിഗ്നല്‍ ജംഗ്ഷനില്‍ കിടക്കുന്നത്. തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ കടന്ന് പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇടിക്കൂട് ഭാഗത്ത് നിന്നും സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങള്‍ തടസ്സമാവുന്നുണ്ട്. ഇത് പലപ്പോഴും അപകടങ്ങളിലാണ് അവസാനിക്കുക. ഇതുപോലെ തന്നെ പോട്ട അശ്രമം റോഡില്‍ നിന്നുള്ള വാഹനങ്ങളും അവിടത്തെ സര്‍വ്വീസ് റോഡില്‍ നിന്നുള്ള വാഹനങ്ങളും സിഗ്നല്‍ മറികടക്കുമ്പോഴും അപകടകെണിയാണ് ഉണ്ടാകുന്നത്.
തിരക്കേറിയ ഈ ജംഗ്ഷനിലെ സിഗ്നല്‍ സംവിധാനം പുനക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍വ്വീസ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതും ഇവിടെ അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് തിരിയേണ്ട ദിശ കാണിക്കുന്ന ദിശാബോര്‍ഡുകളും ഇവിടെയില്ല. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതക്ക് കുറുകെ മറിഞ്ഞതും കെ.എസ്.ആര്‍.ടി.സി.ബസ്സ് നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചതും ഈ കഴിഞ്ഞ ദിവസങ്ങളിലാണ്.
ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനാപകടങ്ങളാണ് പ്രതിദിനം ഇവിടെയുണ്ടാകുന്നത്. അപകടങ്ങള്‍ നിത്യസംഭവമായി മാറിയിട്ടും സുരക്ഷ സംവിധാനം ഒരുക്കാനോ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനോ അധികൃതര്‍ തയ്യാറാകുന്നില്ല. ചാലക്കുടി മേഖലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന ജംഗ്ഷനുകളില്‍ ഒന്നാണ് ആശ്രമം ജംഗ്ഷന്‍. പോട്ട ആശ്രമത്തിലേക്ക് വരുന്നവരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പെടുന്നതും നിരവധി പേരാണ്. രാത്രികാലങ്ങളില്‍ റോഡിലെ വെളിച്ചകുറവും വാഹാപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്. ശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം ഒരുക്കി പോലിസിന്റെ സേവനംകൂടി ഇവിടെ സജ്ജീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതര്‍ ഇനിയും അനാസ്ഥ തുടര്‍ന്നാല്‍ വന്‍ വിപത്തിന് വേദിയായി മാറും ആശ്രമം ജംഗ്ഷന്‍.
Next Story

RELATED STORIES

Share it