ernakulam local

അവിസ്മരണീയമായ ഒത്തുകൂടലായി പാരാപ്ലീജിയ സംഗമം



മൂവാറ്റുപുഴ: വേദനകള്‍ക്കും ദുഖത്തിനും അവധി നല്‍കി  സ്‌നേഹവും പരിചയവും പങ്ക്‌വച്ചും കലാപരിപാടികള്‍ ആസ്വദിച്ചും ഒരു പകല്‍. ചക്രക്കസേരയില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളക്കപ്പെട്ടവര്‍ക്ക്  ഈ ഒത്തു കൂടല്‍ അവിസ്മരണീയമായി. ഒപ്പം കുടുംബത്തില്‍ സുഭിക്ഷതയൊരുക്കാന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതി പ്രഖ്യാപനവും. വീല്‍ചെയറില്‍ കഴിയുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന തണല്‍ പാരാപ്ലീജിക് കെയറും പവിഴം ഗ്രൂപ്പും സംയുക്തമായി പേഴക്കാപ്പിള്ളി ഷമ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പാരാപ്ലീജിയ കുടുംബസംഗമമാണ് അവിസ്മരണീയമായത്.പാലിയേറ്റീവ് രംഗത്ത് തണല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുപോലും മാതൃകയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത എറണാകുളം ജില്ലാ പഞ്ചായത്തംഗം അരുണ്‍ അഭിപ്രായപ്പെട്ടു. മറ്റ് സന്നധ സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിലെ തളരുന്നവര്‍ക്ക് താങ്ങാകുവാനും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും ബിസിനസ്സ് രംഗത്തുള്ളവര്‍ സന്മനസ്സ് കാണിക്കണമെന്ന് അരി വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട്   പവിഴം ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍ പി ജോര്‍ജ് ആവശ്യപ്പെട്ടു. സാമ്പത്തിക ശേഷിയുള്ളവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ബാധ്യതയായി കാണണം. 150 കുടുംബള്‍ക്ക്  ഒരു വര്‍ഷത്തേക്ക് അരി വിതരണം നടത്തുന്ന പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. പാരാപ്ലീജിയ ബാധിതര്‍ക്ക് മറ്റു ചില പദ്ധതികളും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി സാന്ത്വന പരിചരണ രംഗത്തും പാരാപ്ലീജിക് മേഖലയിലും  തണല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ലഭിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച തണല്‍ കണ്‍വീനര്‍ കെ കെ ബഷീര്‍ പറഞ്ഞു. വീല്‍ചെയറല്‍ സഞ്ചരിക്കുന്നവര്‍ക്ക് തൊഴില്‍ പരിശീലന പരിപാടികള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.തണല്‍ ജില്ലാ രക്ഷാധികാരി എം കെ അബൂബക്കര്‍ ഫാറൂഖി, മൂവാറ്റുപുഴ യൂനിറ്റ് പ്രസിഡന്റ് നാസര്‍ ഹമീദ്, തണല്‍ പാരാപ്ലീജിക് കെയര്‍ ചെയര്‍മാന്‍ കെ എസ് വാസുദേവ ശര്‍മ്മ, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ ഉമ്മര്‍, റെഡ്‌ക്രോസ്സ് പ്രതിനിധി ഡോ.സുനീഫ് ഹനീഫ,തണല്‍ പാരാപ്ലീജിക് കെയര്‍ ജില്ലാ സമിതിയംഗങ്ങളായ മണി ശര്‍മ്മ, ദീപ മണി, തണല്‍ മൂവാറ്റുപുഴ യൂനിറ്റ് രക്ഷാധികാരി സി എ ബാവ  തണല്‍ മൂവാറ്റുപുഴ യൂനിറ്റ് ഖജാഞ്ചി കെ കെ മുസ്തഫ, തണല്‍ പാരാപ്ലീജിക് കെയര്‍ കണ്‍വീനര്‍ രാജീവ് പള്ളുരുത്തി പങ്കെടുത്തു.
Next Story

RELATED STORIES

Share it