wayanad local

അവധി വ്യാപാരത്തിന്റെ പേരില്‍ തട്ടിപ്പ്; 42 പേര്‍ പരാതി നല്‍കി

മാനന്തവാടി: കുരുമുളക് കര്‍ഷകരില്‍ നിന്ന് അവധിക്ക് ഉല്‍പന്നം വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 42 പേര്‍ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി.
മാനന്തവാടി സ്‌റ്റേഷനില്‍ എട്ടും തിരുനെല്ലിയില്‍ ഏഴും തലപ്പുഴയില്‍ 27ഉം പരാതികളാണ് ലഭിച്ചത്. തലപ്പുഴ സ്‌റ്റേഷനില്‍ 27 കര്‍ഷകര്‍ ഒപ്പിട്ട പരാതിയാണ് ലഭിച്ചത്.
ഇവരില്‍ നിന്നു മാത്രം ഒരു കോടിയിലധികം രൂപയുടെ കുരുമുളകാണ് പ്രതി കൈവശപ്പെടുത്തിയത്.
കര്‍ഷകരില്‍ നിന്നു വാങ്ങിയ മലഞ്ചരക്ക് ഉല്‍പന്നങ്ങള്‍ വയനാട്ടിലെ വിവിധ മലഞ്ചരക്ക് സ്ഥാപനങ്ങളില്‍ തന്നെ വില്‍പന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം വില കൂട്ടി മലഞ്ചരക്ക് ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നു വാങ്ങിയ വടകര സ്വദേശി ജിതിനാണ് അവധിച്ചെക്ക് നല്‍കി മുങ്ങിയത്. മാസങ്ങള്‍ക്കു മുമ്പ് അപ്പപ്പാറ, മൂളിത്തോട് പ്രദേശങ്ങളില്‍ വടകര സ്വദേശികള്‍ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങുകയും കര്‍ഷകരില്‍ നിന്നു വന്‍ വിലകൊടുത്ത് ഉല്‍പന്നങ്ങള്‍ ശേഖരിക്കുകയുമായിരുന്നു.
തുടക്കത്തില്‍ തന്നെ കുരുമുളകിന് നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ വടകര സ്വദേശികള്‍ നടത്തുന്ന മലഞ്ചരക്ക് സ്ഥാപനത്തില്‍ നല്‍കാന്‍ തുടങ്ങി.
വാളാട്, പേര്യ, തോല്‍പ്പെട്ടി, പുല്‍പ്പള്ളി, പാക്കം, തിരുനെല്ലി, ഇരുമനത്തൂര്‍, വാളാട് തുടങ്ങി നിരവധി പ്രദേശങ്ങളിലുള്ള കര്‍ഷകരും അപ്പപ്പാറ മൂളിത്തോടുള്ള മലഞ്ചരക്ക് സ്ഥാപനങ്ങളില്‍ കുരുമുളക് നല്‍കിയിരുന്നു.
തുടക്കത്തിലുള്ള നല്ല പെരുമാറ്റവും കുരുമുളകിന് നല്ല വിലയും നല്‍കിയതിനാല്‍ കര്‍ഷകര്‍ വടകര സ്വദേശികളെ വിശ്വസിക്കുകയും ഇതു മുതലെടുത്ത് തട്ടിപ്പ് നടത്തുകയുമായിരുന്നു.
Next Story

RELATED STORIES

Share it