palakkad local

അവധിക്കാലം കരുതലാക്കി കുട്ടിക്കച്ചവടക്കാര്‍

പട്ടാമ്പി: പൊഴിഞ്ഞു വീഴുന്ന നാട്ടുമാങ്ങകള്‍ പെറുക്കിയെടുത്ത്  അവധികാലം  ആഘോഷമാക്കുകയാണ് കുട്ടിക്കൂട്ടം. മാങ്ങ വിറ്റ് അടുത്ത അധ്യയനക്കാലത്തേക്കുള്ള സമ്പാദ്യമുണ്ടാക്കുകയാണ് പ്രധാന ലക്ഷ്യം.
സ്‌കൂളുകള്‍ വേനലവധിക്ക് അടച്ചിട്ടതോടെ ഗ്രാമപ്രദേശ റോഡുകള്‍ മുതല്‍ ദേശീയപാതയോരങ്ങളില്‍ വരെ കുട്ടി കച്ചവടം സജീവമായി തുടങ്ങി. ഉപ്പിലിട്ട മാങ്ങ ചെറുകുപ്പികളിലാക്കി കുട്ടി കൂട്ടം റോഡരികില്‍ നില്‍ക്കുന്ന കാഴ്ച്ച കാണുന്ന വഴിയാത്രക്കാര്‍ അറിയാതെ വാഹനം ബ്രേക്കിട്ട് പോകും.
കുട്ടി കച്ചവടക്കാര്‍ക്ക് അരികിലെത്തിയാലോ വീട്ടിലുണ്ടാക്കിയ ഉപ്പിലിട്ടതും മോരും നന്നാറി സര്‍ബത്തും പിന്നെ തണ്ണി മത്തന്‍ ജ്യൂസ് എന്നിങ്ങനെ വ്യത്യസ്ത വിഭങ്ങളെ കൂടാതെ കുലുക്കി സര്‍ബത്ത് വരെ കുട്ടി കച്ചവടത്തിലുണ്ട്.
പട്ടാമ്പി മേഖലയില്‍ പലസ്ഥലങ്ങളിലും ഇത്തരം രണ്ടുമാസ താല്‍ക്കാലിക കച്ചവടങ്ങള്‍ കാണാം. സംസ്ഥാന പാതയില്‍ പട്ടാമ്പി എടപ്പാള്‍ റോഡില്‍ കുറ്റിപ്പാല നീലിയാട് പരിസരത്തും, കൂററനാടിനും  പടിഞ്ഞാറങ്ങാടിക്കും   ഇടക്കും ഇത്തരത്തില്‍ കുട്ടി കച്ചവടങ്ങള്‍ സജീവമായി കഴിഞ്ഞു. കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ കണക്കെല്ലാം രഹസ്യമാണ്. അവധിക്കാലം ടിവിയിലും മൊബൈലിലും മാത്രമായി പോകുന്നില്ലെന്ന ആശ്വാസം വീട്ടുകാര്‍ക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും വീട്ടില്‍ വരുമാനം കുറവുമുളള കുടുംബങ്ങള്‍ക്ക് അനുഗ്രഹമാവുകയാണ് അവധിക്കാല കുട്ടികൂട്ടങ്ങളുടെ അധിക വരുമാനം. ബാഗ് വാങ്ങണം. ബുക്ക് വാങ്ങണം അങ്ങനെ നൂറുകൂട്ടം പ്രതീക്ഷകളുമായാണ് ഈ അവധിക്കാല കച്ചവടം.
Next Story

RELATED STORIES

Share it