thrissur local

അവതാര്‍ ജ്വല്ലറി തട്ടിപ്പ്: പോലിസ് നടപടി കാര്യക്ഷമമല്ലെന്ന് ആക്ഷേപം

തൃശൂര്‍: അവതാര്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ പോലിസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണെന്ന പരാതിയുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍. 2016 ഫെബ്രുവരി മുതല്‍ നിക്ഷേപകര്‍ പോലിസില്‍ പരാതി കൊടുത്തിട്ടും പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. 250 നിക്ഷേപകര്‍ ചേര്‍ന്ന് കലക്്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുത്തെങ്കിലും പോലിസ് അവതാര്‍ ഉടമകള്‍ക്ക് സഹായകരമാകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ജ്വല്ലറി ഉടമകളായ അവതാര്‍ അബ്ദുല്ലയും നാസറും ഫൈസലും ഒളിവിലായിരുന്ന സമയത്ത് അവരെ കണ്ടെത്തുവാനുള്ള പല സൂചനകള്‍ നിക്ഷേപകര്‍ നല്‍കിയിട്ടും പോലിസ് അവഗണിച്ചു. നിക്ഷേപകരുടെ സമരം ശക്തമായി തുടരുന്നതിനിടെ അബ്ദുല്ലയെ 2016 ഒക്ടോബറില്‍ പെരുമ്പാവൂര്‍ പോലിസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഫൈസലിനേയും അറസ്റ്റ് ചെയ്തു. മൂന്നു മാസങ്ങള്‍ക്ക് ശേഷം നാസര്‍ പോലിസില്‍ കീഴടങ്ങുകയും ചെയ്തു. 260 പേര്‍ പരാതി കൊടുത്തിട്ടും വിവരാവകാശ നിയമം അനുസരിച്ച് പരാതിയുടെ എണ്ണം ചോദിച്ചപ്പോള്‍ 50 പരാതികള്‍ മാത്രമാണ് കിട്ടിയത് എന്നാണ് പോലിസിന്റെ മറുപടി. മലപ്പുറം ജില്ലയില്‍ ചങ്ങരകുളം പോലിസ് സ്‌റ്റേഷനില്‍ 2016ല്‍ 149 പരാതികള്‍ കൊടുത്തിരുന്നു. എങ്കിലും അഞ്ച് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പിന്നീട് മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. കേസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകര്‍ ഐജി ഓഫിസിലേക്കും ചങ്ങരകുളം സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തുകയും ഐജി, സിറ്റി പോലിസ് കമ്മീഷണര്‍, ഡിജിപി എന്നിവര്‍ക്ക് പലപ്രാവശ്യം പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. മനുഷ്യാവകാശ കമ്മീഷന്‍ ഈ കേസ് ഉന്നത ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണണെന്ന് ഉത്തരവുണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും അനവധി പരാതികള്‍ കൊടുത്തിട്ടും അവതാര്‍ മുതലാളിമാരുടെ സ്വാധീനത്തിന്റെ ഫലമായി പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട നിക്ഷേപകരുടെ നിക്ഷേപം തിരിച്ചു കിട്ടുന്നതിന് വേണ്ടുന്ന യാതൊരു നടപടിയും ഉണ്ടായില്ല. പാവറട്ടി, ഗുരുവായൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 19 കേസുകളില്‍ ചാവക്കാട് കോടതി അബ്ദുള്ളക്കും ഫൈസലിനും ജാമ്യം നിഷേധിച്ചപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ വെക്കുകയും നിബന്ധനകളോടെ ജാമ്യം നല്‍കുകയും ഉണ്ടായി. ജാമ്യം കൊടുത്തതിനെതിരേ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അവരുടെ ജാമ്യം റദ്ദാക്കുകയും കീഴടങ്ങാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 20ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയിട്ടും കോടതിയില്‍ ഹാജരാക്കാന്‍ പോലിസ് തയ്യാറായിട്ടില്ലെന്നും നിക്ഷേപകര്‍ പറഞ്ഞു. ആയിരത്തില്‍ പരം നിക്ഷേപകരില്‍ നിന്നായി ഏകദേശം 200 കോടി രൂപയോളം തട്ടിയെടുത്ത അവതാര്‍ തട്ടിപ്പിനെതിരേ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരുടെ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it