Alappuzha local

അവഗണന; യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാനുറച്ച് ലീഗ്‌



ചേര്‍ത്തല: കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ ജില്ലയിലെ പ്രവര്‍ത്തന പരിപാടികളെ നിസ്സഹരിക്കാനുറച്ച് മുസ്്‌ലിം ലീഗ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് ജില്ലാ കമ്മിറ്റിയോഗം ലീഗ് ബഹിഷ്‌കരിച്ചു.തുടര്‍ച്ചയായി ഘടകകക്ഷികളെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്ന് ലീഗിന് ആക്ഷേപമുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ കോണ്‍ഗ്രസ് വീതം വച്ചെടുക്കുമ്പോള്‍ നഷ്ടം സഹിക്കേണ്ടിവരുന്നത് ഘടകകക്ഷികള്‍ക്കാണെന്ന് നേതൃത്വം സൂചിപ്പിക്കുന്നു. ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഹരിപ്പാട് നടത്തിയ ഉപവാസ സമരത്തില്‍ മുസ്്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നില്ല. ഇതിനുള്ള പ്രതിഷേധം ലീഗ് നേതൃത്വം ചെന്നിത്തലയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. വി ഡി സതീശന്‍ നയിച്ച യുഡിഎഫ് മേഖല ജാഥയ്ക്ക് കായംകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് അവഗണിച്ചിരുന്നു. ലീഗ് നിയോജക മണ്ഡലം ഭാരവാഹികള്‍ക്ക് സംഘാടക സമിതിയില്‍ പോലും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നില്ല. ഇതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുസ്്‌ലിം ലീഗ് തീരുമാനിച്ചത്. ജനതാദള്‍ (യു), കേരളാ കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങിയ കക്ഷികളും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരനും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കത്ത് നല്‍കുവാനും ലീഗ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ മേല്‍ക്കോയ്മ നയത്തില്‍ ലീഗിനൊപ്പം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുമുണ്ടെന്ന് നേതൃത്വം വ്യക്തമാക്കി.
Next Story

RELATED STORIES

Share it