wayanad local

അവഗണന തുടരുകയാണെന്ന് വടക്കേ വയനാട് വികസന സമിതി



മാനന്തവാടി: ജില്ലാ ആസ്ഥാനം മാനന്തവാടിയില്‍ നിന്ന് മാറ്റിയപ്പോള്‍ തുടങ്ങിയ വടക്കേവയനാടിനോടുള്ള അവഗണന വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തുടരുകയാണെന്ന് വടക്കെ വയനാട് വികസന സമിതി. വടക്കേ വയനാട്ടിലുണ്ടായിരുന്ന പ്രധാനപെട്ട എല്ലാ ഗവണ്‍മെന്റ് ഓഫിസുകളും തെക്കേവയനാട്ടിലേക്ക് ഒന്നൊന്നായി മാറ്റി കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് നാളെ നടക്കുന്ന വയനാട് ജില്ലാ ഹര്‍ത്താലെന്നും ഭാരവാഹികള്‍ ആരോപിച്ചു. 2008 ജൂണ്‍ 20ന് ബാവലി  മൈസൂര്‍ റോഡില്‍ രാത്രിയാത്ര നിരോധനം എര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പല സന്നദ്ധ സംഘടനകളും കര്‍ണ്ണാടക സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടും, കര്‍ണ്ണാടക സര്‍ക്കാരുമായി വിവിധ ചര്‍ച്ചകള്‍ക്കായി ബാംഗ്ലൂരില്‍ പോയ ഒരു ജനപ്രതിനിധിയും ഇതിനെ കുറിച്ച് ഔദ്യോഗികമായി ചര്‍ച്ച നടത്താനോ രാത്രിയാത്രാ നിരോധനത്തിന്റെ സമയം കുറക്കുന്നതിനെ കുറിച്ച് സമ്മര്‍ദ്ദം ചെലുത്താനോ തയ്യാറായിട്ടില്ല. മൈസൂര്‍-മാനന്തവാട- കല്‍പ്പറ്റ, സോമവാര്‍പേട്ട-മാനന്തവാടി എന്നീ റോഡുകള്‍ നാഷണല്‍ഹൈവേ ആയി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോവുകയും, മൈസൂര്‍ റോഡില്‍ ബാവലി മുതല്‍ മൈസൂര്‍ വരെയുള്ള റോഡ് വീതി കൂട്ടി ടാര്‍ ചെയ്യുകയും ചെയ്‌തെങ്കിലും, കേരളം ഇത് വരെ ഈ വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. മാനന്തവാടിയുടെ വികസനത്തിന് ഉതകുന്ന ചുരമില്ലാ റോഡായ പൂഴിതോട് റോഡിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. തലശേരി-മൈസൂര്‍, വടകര-മൈസൂര്‍ തുടങ്ങിയ റെയില്‍വേ ലൈനുകള്‍ക്ക് വേണ്ടിയുള്ള ആവശ്യം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഉയര്‍ന്നു വന്നതാണ്. തലശേരി-മൈസുര്‍ പാത ഇടക്കാട് നിന്ന് ആരംഭിച്ച് മട്ടന്നൂര്‍, പേരാവൂര്‍, കേളകം, കൊട്ടിയൂരമ്പലം തലപ്പുഴ, പിലാക്കാവ്, തൃശിലേരി, പനവല്ലി, തിരുനെല്ലി അമ്പലം,  കുട്ട, കാനൂര്‍,  തിത്തിമത്തി,  പെരിയപട്ടണം വഴി കെ ആര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചാല്‍ യാതൊരു പരിസ്ഥിതിക പ്രശ്‌നമോ, ഇക്കോ സെന്‍സിറ്റീവ് സോണോ,വന്യമൃഗസങ്കേതമോ കൂടാതെ 8 കിലോമീറ്റര്‍ മാത്രം സാധാരണ വനത്തിലൂടെ തുരങ്കം വഴി റെയില്‍വേ ലൈന്‍ സാധ്യമാവും. മാനന്തവാടിയില്‍ നിന്ന് പടിഞ്ഞാറത്തറ കക്കയം പേരാമ്പ്ര വഴി 61 കിലോമീറ്റര്‍ കൊണ്ട് കൊയിലാണ്ടിയുമായി ബന്ധിപ്പിക്കുകയും ചെയ്താല്‍ വയനാട്ടിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോഴിക്കോട് നഗരത്തെ വയനാടുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കാന് കഴിയും. എന്നാല്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ജനപ്രതിനിധികളടക്കം തയ്യാറാവുന്നില്ലെന്നും ബെസി പാറക്കല്‍, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ഷിനോജ് കെ എം വാര്‍ത്താസമ്മേളനത്തില്‍ആരോപിച്ചു.
Next Story

RELATED STORIES

Share it