kannur local

അഴീക്കോട്ട് വീടുകള്‍ക്കു നേരെ അക്രമം തുടരുന്നു

അഴീക്കോട്: സിപിഎം-എസ്ഡിപിഐ സംഘര്‍ഷം തുടരുന്ന അഴീക്കോട് മേഖലയില്‍ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു വീടുകളും വാഹനങ്ങളും കൂടി ആക്രമിക്കപ്പെട്ടു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ചാലിലെ അര്‍ജുന്‍ ആയങ്കി(20)യെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടിയത്. ഇയാളെ കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സിപിഎം പ്രവര്‍ത്തകന്‍ മൂന്നുനിരത്തിലെ ഓലയില്‍ ബാലകൃഷ്ണന്‍, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം ദിലീപ്, അഴീക്കോട് സര്‍വീസ് സഹകരണ വനിതാ ബാങ്ക് പ്രസിഡന്റ് സുജാത, കെഎസ്ഇബി ജീവനക്കാരന്‍ കരിക്കന്‍ ഷാജി എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ബാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന  ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്തു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ സജിത്തിന്റെ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ത്തത്. കൂടാതെ ഷാജിയുടെ വീട്ടിന്റെയും കാറിന്റെയും ചില്ലുകളും തകര്‍ത്തു.  അക്രമങ്ങള്‍ക്കു പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതിന്റെ തുടര്‍ച്ചയായുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ ഇരുവിഭാഗത്തിലെയും 12 വീടുകളാണ് ആക്രമിക്കപ്പെട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകരുടെ രണ്ടു വീടുകള്‍ക്കുനേരെ ബോംബേറുണ്ടായിരുന്നു. സിപിഎം അക്രമം വ്യാപകമായതിനെ തുടര്‍ന്ന് കപ്പക്കടവിലെ വീട്ടമ്മമാര്‍ കഴിഞ്ഞ ദിവസം വളപട്ടണം പോലിസ് സ്‌റ്റേഷനിലെത്തി ആവലാതികള്‍ ബോധിപ്പിക്കുകയുണ്ടായി. തുടക്കത്തില്‍ തന്നെ പോലിസ് കാഴ്ചക്കാരായതാണ് അക്രമം വ്യാപിക്കാന്‍ കാരണം. പ്രദേശത്ത് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, വളപട്ടണം സിഐ എം കൃഷ്ണന്‍, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമബാധിത പ്രദേശം കെ എം ഷാജി എംഎല്‍എ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it