kozhikode local

അഴിയൂര്‍ ബൈപാസ്: പ്രക്ഷോഭം ശക്തമാക്കുമെന്ന്

വടകര: നിര്‍ദിഷ്ട അഴിയൂര്‍-മാഹി ബൈപാസിലെ സ്ഥലവും വീടും വീട്ടു നല്‍കുന്ന അഴിയൂര്‍ ഭാഗത്തെ ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാര തുക സികെ നാണു എംഎല്‍എ വിതരണം ചെയ്തു. കക്കടവ് മുതല്‍ അഴിയൂര്‍ വരെയുള്ള 2.4 കിലോ മീറ്റര്‍ ദൂരത്തിലുള്ള 150 കൈവശക്കാര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. 1 കോടി 29 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. അതേസമയം 150 കൈവശക്കാരുള്ള അഴിയൂരില്‍ ഇന്നലെ നഷ്ടപരിഹാര തുക വിതരണത്തില്‍ പങ്കെടുത്തത് എട്ട് പേര്‍ മാത്രമാണ്. തുക വിതരണത്തില്‍ പ്രതീക്ഷിച്ച ആളുകള്‍ പങ്കെടുക്കാതിരുന്നത് ഉദ്യോഗസ്ഥരെയും മറ്റും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിപണി വിലയും പുനരധിവാസവും നല്‍കാതെയുള്ള നഷ്ടപരിഹാരത്തില്‍ പ്രതിഷേധിച്ച് അഴിയൂര്‍ ബൈപാസ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. 2009ലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി വടകരയില്‍ പ്രത്യേക ലാന്‍ഡ് അക്വസിഷന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. 2011ല്‍ വിജ്ഞാപനം ഇറക്കിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പ്രാരംഭ ജോലികള്‍ മുടങ്ങുകയായിരുന്നു. 2016ലാണ് പിന്നീട് ഭൂമി സര്‍വെ നടപടികള്‍ പൂര്‍ത്തിയായത്. ബഹിഷ്‌കരണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചടങ്ങ് നടക്കുന്ന കൊപ്രഭവന് ചുറ്റും വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏറെ കൊട്ടിഘോഷിച്ച് 150 കൈവശക്കാരെ പങ്കെടുപ്പിച്ച് നഷ്ടപരിഹാര തുക വിതരണം നടത്തുമെന്ന റവന്യു അധികൃതരുടെ വാദം പൊളിഞ്ഞതായി കര്‍മ്മസമിതി അഴിയൂര്‍ ബൈപാസ് കമ്മിറ്റി യോഗം ആരോപിച്ചു. പൊലിസിനെ ഉപയോഗിച്ചും ഇന്റര്‍വ്യു നടത്തിയും ആളുകളെ കടത്തിവിട്ടാണ് തുക വിതരണം നടത്തിയത്.  ഭൂവുടമകള്‍ ഭൂരിഭാഗവും കര്‍മസിമിതിക്കൊപ്പമാണെന്ന് ഇതോടെ തെളിഞ്ഞതായി യോഗം ചൂണ്ടിക്കാട്ടി. വിപണി വിലയും പുനരധിവാസവും ഉറപ്പാക്കുന്നത് വരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it