kozhikode local

അഴിയൂരിലും പരിസരങ്ങളിലും മോഷണം തുടര്‍ക്കഥ

വടകര: നാടിനെ ഭീതിയിലാഴ്ത്തി അഴിയൂര്‍ മേഖലയില്‍ മോഷണം പെരുകുന്നു. ഒരു മാസത്തിനിടെ ഏഴ് സ്ഥങ്ങളിലാണ് അഴിയൂര്‍ പഞ്ചായത്തില്‍ മോഷണം നടന്നത്. അഴിയൂര്‍ ചുങ്കം ബാഫഖി റോഡില്‍ റോയല്‍ ചിക്കന്‍ സ്റ്റാളില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയില്‍ ഉണ്ടായിരുന്ന പണവും, നേര്‍ച്ചപ്പെട്ടിയും കൊണ്ട് പോയിരുന്നു.
അഴിയൂര്‍ ചുങ്കത്തെ മില്‍മ ബൂത്തില്‍ കയറിയ മോഷ്ടാവ് ആയിരം രൂപയോളമാണ് മോഷ്ടിച്ചത്. ചുങ്കത്ത് തന്നെ മറ്റു സ്ഥാപനങ്ങളായ ശ്രീനിവാസ് സ്‌റ്റോര്‍, ഹിബ സ്‌റ്റോര്‍, ലക്കി സ്‌റ്റേഷനറി എന്നിവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിട്ടാണ് മോഷണം നടന്നത്. ശനിയാഴ്ച മുക്കാളിയിലെ അടുത്തടുത്ത രണ്ട് വീടുകളിലാണ് മോഷണം നടന്നത്. കൃത്യമായി വിവരങ്ങള്‍ അറിയുന്നവരും തുച്ഛമായ പൈസകള്‍ ഉന്നംവെക്കുന്നതും മോഷ്ടാക്കള്‍ പ്രാദേശികമായിത്തന്നെ ഉള്ളവരാണെന്നത് വ്യക്തമാക്കുന്നു. മില്‍മ ബൂത്തില്‍ മോഷണം നടന്ന തലേ ദിവസം സമീപത്തെ ബസ് സ്റ്റോപ്പില്‍ മുമ്പ് ചില പിടിച്ചുപറി കേസില്‍ പെട്ടയാള്‍ ഇരുന്ന് വീക്ഷിച്ചത് ഉടമകളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ലക്കി സ്‌റ്റേഷനറി ഉടമ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന വിവരവും അറിഞ്ഞ് കൊണ്ടായിരുന്നു മോഷണശ്രമം നടന്നത്. അതേസമയം മുമ്പ് മണല്‍ക്കടത്ത്, കഞ്ചാവ് കേസുകളില്‍പെട്ട സംഘം പുലര്‍ച്ചെ സമയങ്ങളില്‍ കറങ്ങുന്നത് നാട്ടുകാര്‍ അറിയിച്ചിട്ടും ചോമ്പാല പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. മാത്രമല്ല മോഷണം പെരുകുമ്പോഴും പോലിസ് ഹെല്‍മറ്റ് വേട്ടയില്‍ മുഴുകുന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുക്കാളിയിലെ മോഷണത്തിനിടെ സ്ത്രീ മോഷ്ടാവിനെ കണ്ടിട്ടുണ്ട്.
സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചാല്‍ മോഷണത്തിന്റെ വ്യക്തമായ തെളിവുകള്‍ ലഭ്യമാവുമെങ്കിലും പോലിസ് നിസംഗത പാലിക്കുകയാണെന്നും പരാതി ഉയര്‍ന്നിരിക്കുകയാണ്. അഴിയൂരിലും പരിസരങ്ങളിലും പെരുകുന്ന മോഷണപരമ്പരയില്‍ ചോമ്പാല പോലിസ് കാണിക്കുന്ന നിസംഗതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂര്‍ ചുങ്കം യൂനിറ്റ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
സംഭവത്തില്‍ മേലധികാരികള്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് എംടി അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലിം അഴിയൂര്‍, മുബാസ് കല്ലേരി, ഷംസുദ്ധീന്‍ മനയില്‍, എംകെ മഹമൂദ്, ഷരുണ്‍ സംസാരിച്ചു. എന്നാല്‍ മുക്കാളിയില്‍ മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. ഈ വീട്ടില്‍ കയറിയ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേര്‍ ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞിപ്പള്ളിയില്‍ നാട്ടുകാര്‍ കണ്ടതായി വിവരമുണ്ട്. സംശയം തോന്നിയ നാട്ടുകാര്‍ ഇവരുടെ ഫോട്ടോ എടുക്കുകയും, ഈ ഫോട്ടോ മോഷണം നടന്ന വീട്ടിലെ സ്ത്രീ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

Next Story

RELATED STORIES

Share it