ernakulam local

അളവിലും തൂക്കത്തിലും വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം 1590 കേസുകള്‍

കൊച്ചി: അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നിന്റെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1590 കേസുകള്‍ രജിസ്റ്റര്‍  ചെയ്തു. 41, 12,150 രൂപ പിഴയും ഈടാക്കി. 2016-17 സാമ്പത്തിക വര്‍ഷം 44,282 ഉം 2017-18 സാമ്പത്തിക വര്‍ഷം 41,978 ഉം വ്യാപാര സ്ഥാപനങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങള്‍ കൃത്യത ഉറപ്പാക്കി മുദ്ര ചെയ്തു.
ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമായി വ്യാപാര കേന്ദ്രങ്ങളില്‍ രാത്രി കാല മിന്നല്‍ പരിശോധനയും സജീവമായിരുന്നു. അരി വില നിലവാരം പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി മൊത്ത വില സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന നടത്തി. നിയമാനുസൃതമല്ലാതെ വില്‍ക്കുന്ന തെര്‍മോമീറ്ററുകള്‍, സ്പിഗ് മോമാനോമീറ്ററുകള്‍, വേയിങ് സ്‌കെയിലുകള്‍ എന്നിവ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. രാത്രി കാലങ്ങളിലെ പെട്രോള്‍ പമ്പുകളിലെ വില, അളവ്, ലൂബ്രിക്കന്റുകളുടെ അമിത വില മറ്റ് നിയമ ലംഘനങ്ങള്‍ എന്നിവയുടെ പരിശോധിക്കുന്നുണ്ട്. കൂടാതെ മത്സ്യ, മാംസ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ സംയുക്ത മിന്നല്‍ പരിശോധനയും നടത്തുന്നുണ്ട്.
മുന്തിയ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ ഷോറൂമുകളില്‍ മിന്നല്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. ജിഎസ്ടിയുടെ മറവില്‍ അധികവില ഈടാക്കുന്ന കുപ്പി വെള്ളത്തിനും മറ്റ് സാധനങ്ങള്‍ക്കും  പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചതായും കാര്‍ഷിക മേഖലയില്‍ വളത്തിനും കീടനാശിനികള്‍ക്കും തൂക്ക കുറവും അമിത വിലയും ആണെന്ന പരാതിയിലും നടപടി സ്വീകരിച്ചതായി  ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍ റാം മോഹന്‍ അറിയിച്ചു. ആശുപത്രികളിലെ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യുന്ന പ്രക്രിയയും വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
എല്‍പിജി യില്‍ തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴര ലക്ഷം രൂപ പിഴ ചുമത്തി. 700 ഗ്രാം തൂക്ക കുറവ് വരെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഓട്ടോറിക്ഷ ടാക്‌സി ഫെയര്‍ മീറ്ററുകള്‍ പരിശോധിക്കാനും വകുപ്പിന് അധികാരമുണ്ട്. ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ക്കു അധിക വില ഈടാക്കുന്നു എന്ന പരാതിയിലും വകുപ്പ് നടപടി എടുത്തിട്ടുണ്ട് .
കൂടാതെ മട്ടിപ്ലെക്‌സ് ഭക്ഷണ സാധനങ്ങളുടെ അമിത നിരക്ക്, പെട്രോള്‍, ഡീസല്‍ വിലയിലെ കൃത്രിമം, പാക്കേജ് ഐറ്റങ്ങളിലെ അളവ് കുറവ് തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പ് ഇടപെടുന്നു. കരാര്‍ എടുത്തയാള്‍ പകുതി ജോലി പൂര്‍ത്തിയാക്കി പണവുമായി കടന്ന് കളയുക അടക്കം കൃത്യമായ സേവനം നല്‍കാതിരിക്കുക, അളവിലും തൂക്കത്തിലുമുള്ള വ്യത്യാസം, പാക്കേജ് വസ്തുക്കളില്‍ നിര്‍മ്മിച്ച മാസം, വര്‍ഷം, എംആര്‍പി, കമ്പനിയുടെ പേര് തുടങ്ങിയവ ഇല്ലാതിരിക്കല്‍, പരാതിപ്പെടാന്‍ കസ്റ്റമര്‍ കെയര്‍നമ്പര്‍ , ഇ മെയില്‍ വിലാസം എന്നിവ ഇല്ലാതിരിക്കല്‍ തുടങ്ങിയവ പരാതി നല്‍കാന്‍ കഴിയുന്ന സാഹചര്യങ്ങളാണ്.
താലൂക്ക് ആസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്‌ളൈയിങ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. 2423180 എന്ന നമ്പരിലും സുതാര്യം മൊബൈല്‍ ആപ്പിക്കേഷന്‍ വഴിയും പൊതുജനങ്ങള്‍ക്ക് നല്‍കാം. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി പിഴ ചുമത്തും. ഡിക്ലറേഷന്‍ ഇല്ലാത്ത പാക്കേജിന് നിര്‍മാതാവിന് 25,000 രൂപയും ഡീലര്‍ക്ക് 5000 രൂപ പിഴയും ചുമത്തും. അളവ് കുറഞ്ഞാല്‍ നിര്‍മാതാവിന് 50,000 രൂപയും ഡീലര്‍ക്ക് 10,000 രൂപ പിഴയും ചുമത്തും. ലീഗല്‍ മെട്രോളജി വിഭാഗം അളവ് തൂക്ക ഉപകരണങ്ങളില്‍ അടിക്കുന്ന സീലില്‍ കൃത്രിമം കാണിച്ചാല്‍ ജയില്‍ ശിക്ഷയാകും ലഭിക്കുക. ഉപഭോക്താക്കള്‍ ജാഗ്രത കാണിച്ചാല്‍ ഏറെ തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it