Flash News

അല്‍ സറാഫ അടക്കം എട്ടു റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ റെയ്ഡ് ; ഉതുപ്പ് എം വര്‍ഗീസിനെതിരേ വീണ്ടും കേസ്‌



കൊച്ചി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് ഉതുപ്പ് എം വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്റിനെതിരേ വീണ്ടും പോലിസ് കേസ്. ഉദ്യോഗാര്‍ഥികളില്‍ നിന്നും അനധികൃതമായി പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവച്ചതിനാണ് കേസ്. അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്റ് ഓഫിസ് ഉള്‍പ്പെടെ ഓപറേഷന്‍ ബ്ലാക്ക് ഫ്‌ളൈ എന്ന പേരില്‍ കൊച്ചിയിലെ എട്ട് സ്ഥാപനങ്ങളിലാണ് എറണാകുളം സിറ്റി പോലിസ് റെയ്ഡ് നടത്തിയത്. പ്രൊട്ടക്ഷന്‍ ഓഫ് എമിഗ്രന്‍സിന്റെയോ നോര്‍ക്കയുടെയോ അനുമതിയില്ലാതെയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. വിദേശത്തെത്തി പണവും പാസ്‌പോര്‍ട്ടും നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.അല്‍സറാഫ ട്രാവല്‍സ് ഉതുപ്പ് എം വര്‍ഗീസ്, കോട്ടയം വടവാതൂര്‍ വടക്കേനടയില്‍ പോള്‍ വര്‍ഗീസ്, കോട്ടയം ഐമനം കളപ്പുരത്തട്ടേല്‍ രഞ്ജിത്കുമാര്‍, ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ് എന്നിവര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍, സൗത്ത് സ്‌റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തു. ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയുള്ള എഫ്‌ഐആര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന് കൈമാറുമെന്നും തുടര്‍നടപടി അവരാണെടുക്കേണ്ടതെന്നും എസിപി ബിജി ജോര്‍ജ് പറഞ്ഞു. റെയ്ഡ് നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും നിരവധി പാസ്‌പോര്‍ട്ടും മറ്റു രേഖകളും പോലിസ് കണ്ടെടുത്തു. കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി വന്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് ഉതുപ്പിനെതിരേ നേരത്തേ സിബിഐ കേസ് എടുത്തിരുന്നു. റെയ്ഡിന് എസ്‌ഐമാരായ പി ആര്‍ സന്തോഷ്, എ ഫൈസല്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it