Flash News

അല്‍ജീരിയ സഹാറാ മരുഭൂമിയില്‍ ഉപേക്ഷിച്ചത് 13,000 അഭയാര്‍ഥികളെ

സഹാറ: ജനവാസമില്ലാത്ത സഹാറ മരുഭൂമിയില്‍ സുരക്ഷിത സ്ഥാനം തേടി അലയുന്നത് 13,000 അഭയാര്‍ഥികള്‍. ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഉള്‍െപ്പടെയുള്ളവരാണ് കൊടുംചൂടില്‍ വേണ്ടത്ര വെള്ളമോ ഭക്ഷണമോ ഇല്ലാതെ മാസങ്ങളായി അലയുന്നത്. അല്‍ജീരിയന്‍ ഭരണകൂടം പുറത്താക്കിയ അഭയാര്‍ഥികളാണ്  ദുരന്തത്തിനിരയായി മരിച്ചുവീഴുന്നത്.
വാര്‍ത്താ ഏജന്‍സി ലേഖകര്‍  രഹസ്യമായി അഭയാര്‍ഥികളെ കണ്ടു നടത്തിയ അഭിമുഖത്തിലാണ് അല്‍ജീരിയന്‍ ഭരണകൂടത്തിന്റെ അതിക്രൂരമായ നടപടികള്‍ പുറത്തുവന്നത്. അഭയാര്‍ഥികളില്‍പ്പെട്ട ലൈബീരിയന്‍ വംശജന്‍ ജു ഡെന്നീസ്  രഹസ്യ കാമറയില്‍ അഭയാര്‍ഥികളുടെ ദയനീയ ദൃശ്യം പകര്‍ത്തുകയും ചെയ്തു. 2017 ഒക്ടോബര്‍ മുതലാണ് അല്‍ജീരിയ അഭയാര്‍ഥികളെ പിടികൂടി കയറ്റിവിടാന്‍ തുടങ്ങിയത്. ആഫ്രിക്കന്‍ അഭയാര്‍ഥികളെയാണ് സഹാറാ മരുഭൂമിയുടെ വിജനതയില്‍ തള്ളുന്നത്. 15 കിമീ അകലെയുള്ള അതിര്‍ത്തിഗ്രാമമായ അസാംകയിലേക്ക് നടന്നുപോവാനാണ് ഇവരോട് ആവശ്യപ്പെടുന്നത്. ഇതിനിടയില്‍ പലരും മരിച്ചുവീണിട്ടുണ്ടെന്ന് അഭയാര്‍ഥി സംഘത്തിലുള്ള ലൈബീരിയന്‍ വംശജ ജാനറ്റ് അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സംഘമാണ് ജാനറ്റിനെ രക്ഷപ്പെടുത്തി സുരക്ഷിത താവളത്തിലെത്തിച്ചത്. മരുഭൂമിയിലെ 48 ഡിഗ്രി കൊടുംചൂട് താങ്ങാനാവാതെ കുട്ടികള്‍ മരിച്ചുവീഴുകയാണ്. ആഴ്ചതോറും പുതിയ അഭയാര്‍ഥി സംഘങ്ങളെ പിടികൂടി മരുഭൂമിയില്‍ തള്ളുന്നതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടു ചെയ്തു. അഭയാര്‍ഥികളുടെ ക്ഷേമത്തിനായി യൂറോപ്യന്‍ യൂനിയനില്‍ നിന്നു വന്‍തോതില്‍ സഹായം സ്വീകരിക്കുന്ന രാജ്യമാണ് അല്‍ജീരിയ. 2014 മുതല്‍ 2017 വരെ മൂന്നു കോടിയോളം ഡോളറാണ് ഇതിനു വേണ്ടി വാങ്ങിയത്.
Next Story

RELATED STORIES

Share it