Pravasi

അല്‍ഉത്‌റുജാ ഖുര്‍ആന്‍ പാരായണ മല്‍സരം അവസാന റൗണ്ടില്‍



ദോഹ: ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഖുര്‍ആനിക് ബോട്ടാണിക് ഗാര്‍ഡന്‍ സംഘടിപ്പിക്കുന്ന അല്‍ഉത്‌റുജാ ഖുര്‍ആന്‍ പാരായണ മല്‍സരത്തിന്റെ ഫൈനല്‍ റൗണ്ട് ആരംഭിച്ചു. ജൂണ്‍ 5 വരെ എജുക്കേഷന്‍ സിറ്റി മസ്ജിദിലാണ് മല്‍സരങ്ങള്‍ നടക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണം, മനഃപാഠം, ഖുര്‍ആന്‍ ചരിത്രം, പാഠങ്ങള്‍ എന്നിവ പരിശീലിപ്പിക്കുന്നിതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് മല്‍സരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പന്ത്രണ്ടു വയസിനു മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മല്‍സരത്തില്‍ പങ്കെടുക്കാം. ഖത്തര്‍ ഫൗണ്ടേഷന്‍, എജുക്കേഷന്‍ സിറ്റി യൂനിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ളതാണ് മറ്റു മല്‍സരങ്ങള്‍. ആദ്യ റൗണ്ടില്‍ വ്യത്യസ്ത പ്രായത്തിലും വിഭാഗത്തിലും പെട്ട 800ലധികം പേരാണ് പങ്കെടുത്തത്. ഇതില്‍ പകുതിയിലധികം പേര്‍ അന്തിമ റൗണ്ടിലക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമിക കാര്യ മന്ത്രാലയം നിശ്ചയിച്ച പാനലാണ് വിധി നിര്‍ണയം നടത്തുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നായി മൂന്നു പേരെയാണ് ഫൈനല്‍ മല്‍സരത്തില്‍ തിരഞ്ഞെടുക്കുക.
Next Story

RELATED STORIES

Share it