Flash News

അലവന്‍സുകള്‍ വര്‍ധിപ്പിച്ചു ; മില്‍മ തൊഴിലാളികള്‍ പണിമുടക്കിനില്ല



തിരുവനന്തപുരം: മില്‍മ (കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്) തൊഴിലാളി  സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എസ് തുളസീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി, മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ദീര്‍ഘകാല കരാര്‍ വ്യവസ്ഥകളില്‍ തൊഴിലാളികളുടെ സര്‍വീസ് വെയ്‌റ്റേജ് 2016 ജൂണ്‍ 30ലെ അടിസ്ഥാന ശമ്പളത്തിന്റെ 0.65 ശതമാനം സര്‍വീസ് പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും ലഭിക്കും. പരാമാവധി സര്‍വീസ് വെയ്‌റ്റേജ്  30 വര്‍ഷമായിരിക്കും. ഫിറ്റ്‌മെന്റ് ബെനിഫിറ്റ് 2016 ജൂണ്‍ 30ലെ അടിസ്ഥാന ശമ്പളത്തിന്റെ 12.50 ശതമാനവും മിനിമം 2,000 രൂപയും നല്‍കാനും തീരുമാനമായി. വീട്ടുവാടക അലവന്‍സ് പുതുക്കിയ ശമ്പളത്തിന്റെ 10 ശതമാനമായി തുടരുമെങ്കിലും പരമാവധി 4,750 രൂപയായി നിജപ്പെടുത്തും. പുതുക്കിയ വ്യവസ്ഥപ്രകാരം വാഷിങ് അലവന്‍സ് 300 രൂപയായും സ്റ്റിച്ചിങ് ചാര്‍ജ് 1200ഉം ആയി ഉയര്‍ത്തി. ചെരിപ്പ് അലവന്‍സ് ഇനത്തില്‍ 500 രൂപ ലഭിക്കും. രാത്രി ഷിഫ്റ്റുകള്‍ക്കുള്ള അലവന്‍സ്, കാഷ് അലവന്‍സ്, ഫോട്ടോകോപ്പി അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ആസിഡ് ഹാന്‍ഡ്‌ലിങ് അലവന്‍സ്, ഹൗസ് ലോണ്‍ പലിശ സബ്‌സിഡി, ഹില്‍ട്രാക്റ്റ് അലവന്‍സ്, സ്‌പെഷ്യല്‍ അലവന്‍സ്, ഡിഫറന്‍ഷ്യലി ഏബിള്‍ഡ്, കണ്ണാടി അലവന്‍സ്, പ്ലാന്റ് ഓപറേറ്റര്‍ അലവന്‍സുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. 25വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കുള്ള പാരിതോഷികം 4500 രൂപയാക്കി. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച്് മില്‍മ  ചെയര്‍മാന്‍ പി ടി ഗോപാലകുറുപ്പ്, എറണാകുളം ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍,  മലബാര്‍ യൂനിയന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, കല്ലട രമേശ്, ടി ആര്‍സിഎംപിയു അനില്‍കുമാര്‍, കെ പി രാജേന്ദ്രന്‍ (എഐടിയുസി), ആര്‍ ചന്ദ്രശേഖരന്‍ (ഐഎന്‍ടിയുസി), കെ അഷറഫ് (എഐടിയുസി), എസ് ബാഹുലേയന്‍, വി കെ ബൈജു (സിഐടിയു) പങ്കെടുത്തു.
Next Story

RELATED STORIES

Share it