Flash News

അലങ്കാര മല്‍സ്യവിപണിയിലെ നിയന്ത്രണം : പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അലങ്കാര മല്‍സ്യ സംഘടന



കൊച്ചി: അലങ്കാര മല്‍സ്യവിപണിയില്‍ നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓര്‍ണമെന്റല്‍ ഫിഷ് അസോസിയേഷന്‍ (ഒഎഫ്എ) കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അലങ്കാരമല്‍സ്യങ്ങള്‍ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും പിടിച്ചെടുക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്തിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഓരോ അക്വേറിയവും വിപണനശാലയും ഒരു മുഴുവന്‍സമയ വെറ്ററിനറി ഡോക്ടറെയോ മല്‍സ്യവിദഗ്ധനെയോ സ്ഥാപനത്തിനൊപ്പം നിയോഗിക്കണമെന്നും ഇയാള്‍ക്ക് ഒരു സഹായി വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍ ബാങ്ക് ലോണ്‍ എടുത്തും മറ്റും സാധാരണക്കാരായ ആയിരക്കണക്കിന് പേരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും പണം ചെലവിട്ട് ഉദ്യോഗസ്ഥരെ നിയമിക്കാനാവില്ലെന്നും ഇവര്‍ കൂടുതല്‍ കടക്കെണിയിലാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐയുടെ പോലും അഭിപ്രായം തേടാതെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഫടികഭരണികളില്‍ മല്‍സ്യം സൂക്ഷിച്ചുകൂടാ, മല്‍സ്യപ്രദര്‍ശനങ്ങള്‍ നടത്തിക്കൂടാ, അക്വേറിയങ്ങളോടൊപ്പം മറ്റ് വളര്‍ത്തുമൃഗങ്ങളുടെയോ പക്ഷികളുടെയോ വിപണനവും പരിപാലനവും പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. അലങ്കാര മല്‍സ്യമേഖലയെ തകര്‍ക്കുന്ന നടപടിക്കെതിരേ നാളെ സിഎംഎഫ്ആര്‍ഐയിലേക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വിജ്ഞാപനം പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോവാനാണ് അസോസിയേഷന്‍ തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്, ചാള്‍സ് ജോര്‍ജ്, കിരണ്‍ മോഹനന്‍, കെ പി സന്തോഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it