World

അലക്‌സാന്‍ഡ്രിയ: 2000 വര്‍ഷം പഴക്കമുള്ള നിഗൂഢ ശവക്കല്ലറ തുറന്നു

അലക്‌സാന്‍ഡ്രിയ: ലോകപ്രശസ്ത സര്‍വകലാശാല നിലനിന്നിരുന്ന ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ നിന്നു ലഭിച്ച 2000 വര്‍ഷം പഴക്കമുള്ള കറുത്ത ശവക്കല്ലറ തുറന്നു. ഏറെ നിഗൂഢതകളൊളിപ്പിച്ച ശവക്കല്ലറ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവിലാണ് തുറന്നുനോക്കിയത്. അലക്‌സാന്‍ഡ്രിയയില്‍ നിന്നും അടുത്തിടെയാണ് ഇതു കുഴിച്ചെടുത്തത്.
ഫറോവയുടേതാവാമെന്നു വരെ പ്രതീക്ഷിച്ചിരുന്ന കല്ലറ തുറന്നപ്പോള്‍ മൂന്ന് ജീര്‍ണിച്ച അസ്ഥിക്കൂടങ്ങളും ദുര്‍ഗന്ധം വമിപ്പിക്കുന്ന വെള്ളവും മാത്രമാണ് അതില്‍ കാണപ്പെട്ടത്. 323 ബി സി കാലഘട്ടത്തില്‍ (അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്കു ശേഷം) അടക്കംചെയ്തതെന്ന് ഒടുവില്‍ സ്ഥിരീകരിച്ച കറുത്ത നിറത്തിലുള്ള കല്ലറ ഈജിപ്തിലെ പുരാവസ്തു ഗവേഷക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് പുറത്തെടുത്തത്. ഫറോവമാരുടെ ശവക്കല്ലറകള്‍ സാധാരണ സ്വര്‍ണനിറത്തിലാണ് പണിയുക. അവയില്‍ നിന്നു വ്യത്യസ്തമായി കറുത്ത ഗ്രാനൈറ്റിലാണ് ഇത് പണിതിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗവേഷകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.
ഏറെ പ്രതീക്ഷകളോടെയാണ് പുരാവസ്തു ഗവേഷക സംഘം കല്ലറ തുറന്നുനോക്കിയത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ശരീരാവശിഷ്ടങ്ങളാവുമോ എന്നുവരെ ഊഹാപോഹങ്ങളുണ്ടായി. മലിനവെള്ളത്തില്‍ മുങ്ങിയ മൂന്ന് അസ്ഥിക്കൂടങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അഴുകി ദുര്‍ഗന്ധം വമിപ്പിക്കുന്ന ഇവ ഫറോവയുടെ കാലത്തെ യോദ്ധാക്കളുടേതാവാം എന്നാണു പ്രാഥമിക നിഗമനം. അസ്ഥിക്കൂടങ്ങളില്‍ ഒന്നിന്റെ തലയോട്ടിയില്‍ അമ്പു കൊണ്ടപോലെ പൊട്ടലുണ്ട്. ശവക്കല്ലറയ്ക്കു സമീപത്തു നിന്നു വെണ്ണക്കല്ലില്‍ തീര്‍ത്ത പ്രതിമ ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it