malappuram local

അറസ്റ്റ് തുടരുന്നു; തിരൂരില്‍ ആറുപേര്‍ കൂടി പിടിയില്‍

തിരൂര്‍: സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ തിരൂരില്‍ ആറുപേരും വേങ്ങരിയില്‍ ഒരാളും ഇന്നലെ അറസ്റ്റിലായി. തിരൂരില്‍ കൂട്ടായി ആശാന്‍പടി ചേലക്കല്‍ വീട്ടില്‍ യാസിര്‍ അറഫാത്ത് (24), കൂട്ടായി ആശാന്‍പടി ചക്കന്റാട്ടില്‍ ജംഷാര്‍ (35), തിരൂര്‍ ആലിന്‍ചുവട് കല്ലേരി മുഹമ്മദ് അഷ്‌റഫ് (48), തിരൂര്‍ ബിപി അങ്ങാടി ചെപ്പോന്റെ പറമ്പില്‍ ഫൈസല്‍ എന്ന മച്ചാന്‍ ഫൈസല്‍ (35), കൊടക്കല്‍ തൊട്ടിയാട്ടില്‍ മൊയ്തീന്‍ എന്ന ഉണ്ണി (34), പെരുന്തല്ലൂര്‍ വി പി പുരം കാവിലങ്ങ് വീട്ടില്‍ അബ്ദുല്‍ വഹാബ് (29) എന്നിവരെയാണ് തിരൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ യാസിര്‍ അറഫാത്ത്, ജംഷാര്‍ എന്നിവര്‍ക്കെതിരേ വെട്ടം പടിയത്തെ ആര്‍എസ്എസ് ശാഖാ ആക്രമണം, മുഹമ്മദ് അഷ്‌റഫിനെതിരേ തിരൂര്‍ പയ്യനങ്ങാടിയില്‍ ജഡ്ജിയെ തടയല്‍ തിരൂര്‍ പോലിസ് സ്റ്റേഷന്‍ ആക്രമണം, ഫൈസലിനെതിരേ റോഡിലിട്ട് ടയര്‍ കത്തിക്കല്‍ അയ്യപ്പഭക്തരുടെ വാഹനം തകര്‍ത്ത് 11,000 രൂപ കവര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മൊയ്തീന്‍, അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരേ ഡിവൈഎസ്പിയെ തടഞ്ഞുവച്ചുവെന്ന കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കഠ്‌വ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ച് ഹര്‍ത്താലിനു സ്വന്തം ഫോണിലൂടെ സന്ദേശം നല്‍കിയ ആളെ വേങ്ങര പോലിസ് പിടികൂടി. പെരുവള്ളൂര്‍ പാലക്കാവളപ്പില്‍ റിയാസി (23) നെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
വേങ്ങര എസ്‌ഐ സംഗീത് പുനത്തിലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സോഷ്യല്‍ മീഡിയാ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പോലിസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ഡിവൈഎസ്പിമാരുടെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വാട്ട്‌സ്ആപ്പ് കൂട്ടായ്മകളും പോലിസ് നിരീക്ഷണത്തിലാണ്. ഓരോ പോലിസ് സ്റ്റേഷന്‍ പരിധിയിലെയും വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുടെ വിവരങ്ങളെടുത്താണ് പോലിസ് അന്വേഷിക്കുന്നത്. ഇതോടെ കൂട്ടായ്മകളുടെ അഡ്മിന്‍മാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഭയത്തിലാണ്. അതേസമയം, ഹര്‍ത്താലിന്റെ മറവില്‍ അക്രമമഴിച്ചുവിട്ടെന്നാരോപിച്ച്് നിരപരാധികളെ പോലിസ് കേസില്‍ കുടുക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it