malappuram local

അര്‍ഹരെ ഒഴിവാക്കി: യുഡിഎഫ് വില്ലേജ് ഓഫിസറെ ഉപരോധിച്ചു

പൊന്നാനി: പ്രളയ ബാധിതരുടെ ലിസ്റ്റില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. പ്രളയ ബാധിതരുടെ ലിസ്റ്റില്‍ നിന്ന് അര്‍ഹരായവരെ ഒഴിവാക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഈഴുവത്തിരുത്തി വില്ലേജ് ഓഫിസറെ ഉപരോധിച്ചത്. പൊന്നാനി നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ പ്രളയ നാശം വിതച്ച ഈഴുവത്തുരുത്തി മേഖലയില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് ധന സഹായം നല്‍കിയില്ലെന്നാണ് പ്രധാന ആക്ഷേപം.
പ്രളയത്തില്‍ ദിവസങ്ങളോളം വീടുകള്‍ക്കുള്ളില്‍ വെള്ളം കയറിയവരെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് ദുരിതബാധിതര്‍ പറയുന്നു. കൗണ്‍സിലര്‍മാര്‍ മുഖേന നല്‍കിയ ലിസ്റ്റിലുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം അനര്‍ഹര്‍ക്ക് ധനസഹായം നല്‍കിയെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. എന്നാല്‍, അര്‍ഹരായവരെ ഒഴിവാക്കില്ലെന്നും ധനസഹായത്തിന് അര്‍ഹരായവര്‍ ലിസ്റ്റിന് പുറത്തുണ്ടെങ്കില്‍ അവര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും വില്ലേജ് ഓഫിസര്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഉപരോധത്തിന് പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവ് എം പി നിസാര്‍, കൗണ്‍സിലര്‍മാരായ പ്രീത രഞ്ജിത്, എം ഹഫ്‌സത്ത്, യുഡിഎഫ് പ്രവര്‍ത്തകരായ സി ജോസഫ്, വിബീഷ് ചന്ദ്രന്‍, എ ഷിനോദ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it