World

അര്‍മേനിയയില്‍ വീണ്ടും പ്രക്ഷോഭം

യെറിവാന്‍: പ്രതിപക്ഷ നേതാവ് നിക്കോള്‍ പാഷിന്യാനെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ, രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന അര്‍മേനിയയില്‍ വീണ്ടും പ്രതിപക്ഷം തെരുവിലിറങ്ങി. ഇത് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി രാജിവച്ച അര്‍മേനിയയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി.
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണപക്ഷം പാഷിന്യാനെതിരേ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, പാഷിന്യാന്‍ ദേശവ്യാപക  സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനു പേരാണ് തലസ്ഥാനമായ യെറിവാനിലും മറ്റു പ്രധാന നഗരങ്ങളിലും തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ യെറിവാനില്‍ വിമാനത്താവളത്തിലേക്കടക്കമുള്ള പ്രധാന റോഡുകള്‍ തടസ്സപ്പെടുത്തി. വിമാനത്താവള ജീവനക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍, ആശുപത്രി ജീവനക്കാര്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
തലസ്ഥാനത്തു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. സമരത്തില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. യെറിവാനിലെ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു. ഗ്യുംറി, വനദ്‌സോര്‍ നഗരങ്ങളിലും പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.
ഇടക്കാല പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഏഴു ദിവസത്തിനകം പാര്‍ലമെന്റില്‍ ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് നടത്തും. ഇതും പരാജയപ്പെട്ടാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാജ്യത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് പ്രധാനമന്ത്രി സിര്‍ജ് സര്‍കസ്‌യാന്‍ നാടകീയമായി രാജിവച്ചത്.  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സൈനികരും  അണിനിരന്നോടെയായിരുന്നു സിര്‍ജ് സര്‍കസ്‌യാന്റെ രാജി.
Next Story

RELATED STORIES

Share it