Alappuzha local

അരൂര്‍ കുമ്പളം പാലത്തില്‍ കൈവരികള്‍ തകര്‍ത്ത് അപകടം പതിവായി



അരൂര്‍: അരൂര്‍ കുമ്പളം പാലത്തിന്റെ കൈവരികള്‍ ശക്തിപെടുത്തണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ മൂന്നുമാസങ്ങള്‍ക്കുമുമ്പ്് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ജീപ്പ് കായലില്‍ വീണ് രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ മൂന്നു പേര്‍ മരിക്കുവാനിടയായതിനെ തുടര്‍ന്നാണ് ആവശ്യം ശക്തമായത്.തികച്ചും ദുര്‍ബലമായ സാധാരണ വീടുകളില്‍ സ്ഥാപിക്കുന്ന വിധത്തിലുള്ള സിമന്റ് ജാലികളാണ് ഇവിടെ പാലത്തിന്റെ കൈവരികളായി സ്ഥാപിച്ചിരിക്കുന്നത്.  ഇവ തകര്‍ന്നു പോകുന്ന സ്ഥിതിവിശേഷമാണുള്ളത്.  പാലത്തിന്റെ കൈവരികള്‍ ഈടുറ്റതാക്കിയാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ആവശ്യമുയര്‍ന്നു.ഇതിന് മുമ്പും വാഹനങ്ങള്‍ ജാലികള്‍ തകര്‍ത്ത് പാലത്തില്‍ നിന്നു കായലില്‍ വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ന്യൂസ് പേപറുമായി എത്തിയ തമിഴ്‌നാട് ലോറി കൈവരികള്‍ തകര്‍ത്ത് കായലില്‍ വീഴുകയും ലോറി ഡ്രൈവറായിരുന്ന തമിഴ്‌നാട് സ്വദേശി മരണമടയുകയും ചെയ്തിരുന്നു. ലോറിയുടെ ക്ലീനര്‍ ലോറിയുടെ മുകളില്‍ കയറിയിരുന്നാണ് രക്ഷപ്പെട്ടത്. കൂടാതെ മറ്റൊരു ലോറി കയലില്‍ വീഴുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട് ലോറി കൈവരികള്‍ തകര്‍ത്ത് പുതിയ പാലത്തിന്റെയും പഴയ പാലത്തിന്റെയും ഇടയില്‍ വീഴുകയും ഇരു പാലങ്ങളുടെയും കൈവരികളില്‍ തട്ടി നിന്നതു മൂലം അപകടം ഒഴിവാകുകയും ചെയ്തു. ഏറ്റവും ഒടുവിലത്തേതാണ് ജീപ്പ് കായലില്‍ വീണ് മൂന്നു പേര്‍ മരിക്കുവാനിടയായ സംഭവം.കൈവരികള്‍ ശക്തിപ്പെടുത്തുകയാണെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാമെന്നാണ് റോഡ് സുരക്ഷ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.  ദേശീയപാത അധികൃതരുടെ അവഗണനയാണ് അരൂര്‍-കുമ്പളം പഴയ പാലത്തില്‍ അപകടങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാവുന്നത്. പാലത്തില്‍ വര്‍ഷങ്ങളായി ടോള്‍ ഏര്‍പ്പെടുത്തി കോടികള്‍ വരുമാനമുണ്ടാക്കിയിട്ടും മനുഷ്യ ജീവന് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അധികൃതരുടെ സമീപനം അവസാനിപ്പിക്കണമെന്നും പാലത്തിന്റെ കൈവരികള്‍ ശക്തിപ്പെടുത്തണമെന്നും സുരക്ഷ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അലംഭാവം തുടരുകയാണെങ്കില്‍ പൊതു ജനങ്ങളുടെ സഹായത്തോടെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it