malappuram local

അരീക്കോട് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ക്രമക്കേട്

അരീക്കോട്: ചാലിയാര്‍ പുഴയില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗെയുടെ സാന്നിധ്യം വര്‍ധിക്കാന്‍ കാരണം അരീക്കോട് ടൗണില്‍ നിന്നടക്കമുള്ള അഴുക്കുജലവും കക്കൂസ് മാലിന്യവും ആണെന്ന് ആരോപണമുയര്‍ന്നു. ഇതിനു പുറമെ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ ഫണ്ട് ദുര്‍ വിനിയോഗം മൂലമാണ് മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമിടാന്‍ കഴിയാത്തതെന്നും പരാതിയുണ്ട്.പ്രതിവര്‍ഷം കാല്‍ക്കോടിയാണ് മാലിന്യ സംസ്‌ക്കരണത്തിനായി വകയിരുത്തുന്നത്. കൃത്യമായ പദ്ധതികള്‍ നടപ്പാക്കാതെ തുക ചെലവഴിച്ചതായാണ് ആരോപണം. ആയിരത്തിലേറെ കടകളും ഹോട്ടലുകളും പൊതുകക്കൂസില്‍ നിന്നു ഒഴിവാക്കുന്ന മാലിന്യങ്ങളും ഡ്രൈനേജ് വഴി ചാലിയാറിലേക്കാണ് തള്ളുന്നത്. അരീക്കോട് ടൗണില്‍ കടകളില്‍നിന്ന് ഒഴിവാക്കുന്ന മാലിന്യം സംസ്‌കരിക്കാന്‍ ഗ്രാമപ്പഞ്ചായത്തില്‍ സൗകര്യമില്ല. മാലിന്യ സംസ്‌കരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ കടകള്‍ക്ക് ലൈസന്‍സ് അനുവദിക്കാവൂ എന്ന നിയമം രാഷ്ട്രീയ സ്വാധീനംമൂലം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതാണ് മാലിന്യ വര്‍ധനയ്ക്ക് കാരണമെന്ന് ജനകീയാരോപണം ഉയര്‍ന്നു. മുമ്പ് ഗ്രാമപ്പഞ്ചായത്തിനുകീഴില്‍ നാലു ജീവനക്കാരും മൂന്നു തൊഴിലാളികളും ശുചീകരണ പ്രവര്‍ത്തനത്തിന് നിയോഗിച്ചിരുന്നു.
കടകളില്‍നിന്ന് ഒഴിവാക്കുന്ന മലിന്യം ട്രാക്ടറില്‍ ശേഖരിച്ചു ഒഴിവാക്കിയിരുന്ന ഇവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും പഞ്ചായത്ത് ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചിലവിട്ടു വാങ്ങിയ ട്രാക്ടര്‍
തുരുമ്പെടുക്കുകയും ചെയ്തു. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലം ശുചീകരണ ജീവനക്കാരെ നിയമിക്കാന്‍ ഭരണ സമിതിക്ക് കഴിയുന്നില്ല. കാല്‍ കോടിയോളം പ്രതിവര്‍ഷം ഫണ്ട് വകയിരുത്തുന്നുവെങ്കിലും ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കിയാതായ വിവരങ്ങളില്ല. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ചര്‍ച്ചയും തീരുമാനങ്ങളും ഭരണസമിതി എടുത്തിട്ടില്ലെന്നും കൃത്യമായ വിവരങ്ങള്‍ പദ്ധതി രേഖയിലുമില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുള്ള വിവരം.
1995ല്‍ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സ്ഥലം വാങ്ങാന്‍ അരീക്കോട് ഗ്രാമപ്പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കിലും തുടര്‍ന്നുള്ള ഭരണ സമിതി പദ്ധതി അട്ടിമറിക്കുകയും ഫണ്ട് ദുര്‍വിനിയോഗം നടത്തുകയുമായിരുന്നു. ചാലിയാറില്‍ മാലിന്യം വര്‍ധിക്കാന്‍ കാരണം പഞ്ചായത്ത് ഭരണസമിതിയുടെ ക്രമക്കേടാണെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ സമര രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it