malappuram local

അരികുചാലുകള്‍ അടഞ്ഞുതന്നെ; പൊതുജനത്തിന് ദുരിതം

നിലമ്പൂര്‍: നിലമ്പൂരില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അരികുചാലുകള്‍ മാലിന്യം കെട്ടിക്കിടന്ന് വെള്ളം ഒഴുകിപ്പോകാതെ ദുരിതം വിതയ്ക്കുന്നു. ആവശ്യമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് മതിയായ ഫണ്ടില്ല. കഴിഞ്ഞ വര്‍ഷം സെക്ഷനു കീഴിലെ വിവിധ റോഡുകളുടെ അരികുചാലുകള്‍ നന്നാക്കി മണ്‍സൂണ്‍കാല മാലിന്യം നീക്കല്‍ പ്രവര്‍ത്തനത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചപ്പോള്‍ ഈ വര്‍ഷം അത് ആറുലക്ഷം രൂപയിലൊതുക്കി.
അരികുചാലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മഴക്കാലമായതോടെ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. മഴ പെയ്യുമ്പോള്‍ ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ക്കും റോഡരികിലൂടെ നടക്കുന്നവര്‍ക്കുമാണ് ഏറെ ദുരിതം. ചാലുകളിലെ മണ്ണുവാരി ഒഴിവാക്കാന്‍ സ്ഥലമില്ലാത്തതും വകുപ്പിനെ കുഴയ്ക്കുന്നുണ്ട്. സാധാരണയായി മഴക്കാലം തുടങ്ങുന്നതിനു മുന്‍പാണ് മണ്‍സൂണ്‍കാല മാലിന്യം വൃത്തിയാക്കല്‍ നടത്താറുള്ളത്. ഈ വര്‍ഷം മഴ തുടങ്ങിയിട്ടും നടപടികളായിട്ടില്ല. ആകെ ആറുലക്ഷം രൂപയാണ് ഈയിനത്തില്‍ നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ അനുവദിച്ചിട്ടുള്ളത്. നിലമ്പൂര്‍ സെക്ഷനു കീഴില്‍ 270 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡുകളുള്ളത്.
മഴ തുടങ്ങിയപ്പോള്‍ അമരമ്പലം പഞ്ചായത്ത് അധികൃതര്‍ റോഡരികിലെ ചാലുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അവര്‍ തന്നെ വാരിയൊഴിവാക്കട്ടേയെന്ന് അനുമതി ചോദിച്ചിരുന്നു. അത് നല്‍കാന്‍ വകുപ്പ് തയ്യാറുമാണ്. ചാലുകളിലുള്ള മാലിന്യങ്ങളിലധികവും പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുകളുമാകുമെന്നതിനാല്‍ ആരും അവരുടെ പറമ്പുകളില്‍ ഇതു നിക്ഷേപിക്കാന്‍ അനുവദിക്കാറില്ല. അതുകൊണ്ടു തന്നെ മാലിന്യം മാന്തിയാല്‍ എവിടെ നിക്ഷേപിക്കുമെന്നത് വകുപ്പിനെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്‌നംകൂടിയാണ്. നിലമ്പൂര്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏറെപേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഏഴുപേര്‍ മരിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി ഈ വര്‍ഷം ആരോഗ്യ മേഖലയില്‍ വലിയ ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ചില പഞ്ചായത്തുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ മാലിന്യ നിക്ഷേപത്തിനെതിരേ പൊതുജനങ്ങളില്‍ നിന്ന് പിഴ വാങ്ങുക—യും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനിടയിലും സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തുന്നത് ആരോഗ്യ വകുപ്പിനെയടക്കം പ്രതിരോധത്തിലാക്കിയിരിക്കയാണ്.
Next Story

RELATED STORIES

Share it