Editorial

അയ്യരുടെ തലയെടുത്താല്‍ മാത്രം മതിയോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചനെന്നു വിളിച്ചതിന്റെ പേരില്‍ മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്നു പുറത്തുനിര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അയ്യര്‍ ഉപയോഗിച്ച ഭാഷയും രീതിയും അംഗീകരിക്കാന്‍ വയ്യെന്നാണ് കോണ്‍ഗ്രസ്സിന്റെ നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറയുന്നത്. പാര്‍ട്ടിയുടെ സംസ്‌കാരവും പാരമ്പര്യവും മറ്റൊന്നാണത്രേ. തല്‍ക്കാലത്തേക്ക് മണിശങ്കര്‍ അയ്യരെ ബലിയാടാക്കി കോണ്‍ഗ്രസ് തലയൂരിയിരിക്കുന്നുവെന്നു ചുരുക്കം. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു വഴി തേടിയതില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്താന്‍ വയ്യ. അയ്യരുടെ പരാമര്‍ശത്തില്‍ കയറിപ്പിടിച്ച് സഹതാപതരംഗം സൃഷ്ടിക്കുകയും അതു ബിജെപിക്ക് അനുകൂലമായ കാറ്റാക്കിമാറ്റുകയും ചെയ്യാന്‍ നരേന്ദ്ര മോദി ശ്രമങ്ങളാരംഭിച്ച അവസ്ഥയില്‍ വിശേഷിച്ചും. നരേന്ദ്ര മോദിയാണ് ആള്‍. തന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി ഏതു കുബുദ്ധിയും പ്രയോഗിക്കും; ഏതു ഹീനമാര്‍ഗവും കൈക്കൊള്ളും. പോരാത്തതിനു കലശലായ മാധ്യമപിന്തുണ അദ്ദേഹത്തിന് ഉണ്ടുതാനും. ആയതിനാല്‍ കോണ്‍ഗ്രസ്സിന്റേത് ഒരു പ്രായോഗിക നടപടി മാത്രമാണെന്നു പറയാം. അതിനപ്പുറത്ത് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയുമൊന്നും പ്രശ്‌നം ഈ നടപടിയില്‍ ഉദിക്കുന്നേയില്ല. മണിശങ്കര്‍ അയ്യര്‍ നടത്തിയ നീചനെന്ന പ്രയോഗം നീചം തന്നെ; സമ്മതിക്കുന്നു. പക്ഷേ, അതിനു മറുപടിയായി നരേന്ദ്ര മോദി നടത്തിക്കൊണ്ടിരിക്കുന്ന പ്രയോഗങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ള അപകടങ്ങളെപ്പറ്റി എന്തുകൊണ്ടാണ് ആരുമൊന്നും പറയാത്തത്? അയ്യരുടെ പ്രയോഗം 'മുഗള്‍ മനോനില'യുടെ അടയാളമാണെന്നാണ് മോദി പറയുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിലേക്ക് മുഗള്‍ രാജവംശത്തെ വലിച്ചിഴച്ചുകൊണ്ടുവരുന്നത് തീര്‍ച്ചയായും ദുഷ്ടലാക്കോടെയാണ്. രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതുമായി ബന്ധപ്പെട്ട് 'ഔറംഗസീബ് യുഗമാണ് കോണ്‍ഗ്രസ്സില്‍ വരാന്‍ പോവുന്നത്' എന്നും മോദി പറഞ്ഞിരുന്നു. ഉര്‍ദു-പേര്‍ഷ്യന്‍ പാരമ്പര്യം സൂചിപ്പിക്കുന്ന വാക്കുകളായ ഷഹ്‌സാദ എന്നും ഷാഹിന്‍ഷാ എന്നും മറ്റുമാണ് രാഹുലിനെ വിശേഷിപ്പിക്കാന്‍ മോദിയും കൂട്ടരും ഉപയോഗിക്കാറുള്ളത്. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഉണ്ടെന്നു പറയുന്ന മുസ്‌ലിം പക്ഷപാതത്തിലേക്ക് ഹിന്ദു സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ട് അതില്‍ നിന്നു രാഷ്ട്രീയ നേട്ടവും തിരഞ്ഞെടുപ്പു വിജയവും ഉണ്ടാക്കാനാണ് മോദി എക്കാലത്തും ഉദ്യമിച്ചത്. സ്പര്‍ധയുടെ രാഷ്ട്രീയത്തിലൂടെ വര്‍ഗീയ വിഷം വമിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം. അല്ലെങ്കില്‍ എന്തിനാണ് മുഗള്‍ ഭരണത്തെയും ഔറംഗസീബിനെയുമൊക്കെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നത്? മണിശങ്കര്‍ അയ്യരുടെ ചോരയ്ക്ക് ദാഹിക്കുന്നവര്‍ നരേന്ദ്ര മോദിയുടെ നീചമായ പ്രയോഗങ്ങളിലെ വൃത്തികെട്ട വര്‍ഗീയ ധ്വനികള്‍ കാണാത്തതാണ് സങ്കടകരം. അയ്യരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തത് നല്ല മാതൃകയാണെന്നു പറയുന്നവര്‍, ഇതേ മാതൃക കാട്ടാന്‍ ബിജെപിയും തയ്യാറാവണമെന്നുകൂടി പറയേണ്ടതുണ്ട്.
Next Story

RELATED STORIES

Share it