Flash News

അയോധ്യാ വിഷയം കത്തിക്കാന്‍ വീണ്ടും രഥയാത്ര

അയോധ്യാ വിഷയം കത്തിക്കാന്‍ വീണ്ടും രഥയാത്ര
X
സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: അയോധ്യാ വിഷയം ആയുധമാക്കി അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാന്‍ ഒരുങ്ങി സംഘപരിവാരത്തിന്റെ രഥയാത്ര. അയോധ്യയില്‍ നിന്നു തമിഴ്‌നാട്ടിലെ രാമേശ്വരം വരെ നീളുന്ന ഹിന്ദുത്വസംഘടനയുടെ രഥയാത്രയ്ക്ക് ചൊവ്വാഴ്ച തുടക്കമാവും. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഫൈസാബാദിലെ വിഎച്ച്പി ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഫഌഗ് ഓഫ് ചെയ്യുന്നത്.



കേരളത്തിലൂടെ കടന്നുപോവുന്ന രഥം അടുത്തമാസം 23നാണ് രാമേശ്വരത്ത് സമാപിക്കുക. 41 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ 43 പൊതുയോഗങ്ങള്‍ നടക്കും. പള്ളി നിലനിന്ന സ്ഥാനത്ത് താല്‍ക്കാലിക ക്ഷേത്രത്തിന് പകരം സ്ഥിരം ക്ഷേത്രം നിര്‍മിക്കുക, ഞായറാഴ്ചയ്ക്കു പകരം വ്യാഴാഴ്ച വാരാന്ത്യ അവധിയായി പ്രഖ്യാപിക്കുക, ഒരു ദിവസം ലോക ഹിന്ദുദിനമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘപരിവാരം ഉന്നയിക്കുന്നത്. കേരളം ആസ്ഥാനമായ ശ്രീ രാംദാസ് മിഷന്‍ യൂനിവേഴ്‌സല്‍ സൊസൈറ്റി എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് യാത്രയെങ്കിലും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകളുടെ പൂര്‍ണ പിന്തുണയുണ്ട്.  അതേസമയം, യാത്ര കടന്നുപോവുന്ന റൂട്ടില്‍ തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ പോലിസ് മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ യാത്രയുടെ റൂട്ട് വിശദമാക്കുന്ന മാപ്പും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 11നാണ് യാത്ര കേരളത്തിലെത്തുക. പൊതുസമ്മേളനത്തോടെ മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, പുനലൂര്‍ വഴിയാണ് മധുരയില്‍ എത്തുക. യാത്ര 23ന് രാമേശ്വരത്ത് എത്തും. എന്നാല്‍, തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏഴു പൊതുപരിപാടികളും കേരളത്തില്‍ പത്തു പൊതുയോഗവും തമിഴ്‌നാട്ടില്‍ മൂന്നുമാണ് നിശ്ചയിച്ചിരിക്കുന്നത്. 1990ല്‍ എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലും തുടര്‍ന്ന് കേന്ദ്രത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിലും കലാശിച്ചത്. അഡ്വാനിയുടെ യാത്ര ബിഹാറില്‍ അന്നത്തെ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ യാത്ര ഇടയ്ക്കു വച്ച് നിര്‍ത്തേണ്ടിവന്നു. യാത്ര കടന്നുപോയ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയകലാപങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുരളീമനോഹര്‍ ജോഷി നടത്തിയ യാത്രയ്ക്കിടെയാണ് പാലക്കാട്ട് സിറാജുന്നിസ വെടിയേറ്റു മരിച്ചത്. ബിജെപിയെ അടുപ്പിക്കാത്ത ദക്ഷിണേന്ത്യയിലാണ് ഇത്തവണത്തെ യാത്ര പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ യാത്രയ്ക്കിടെ ഏഴു പൊതുയോഗങ്ങള്‍ നടക്കും.
Next Story

RELATED STORIES

Share it