അമ്പലം വിഴുങ്ങികളുടെ റഫേല്‍ കച്ചവടം

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍

മോദിയുടെ തട്ടുപൊളിപ്പന്‍ ഭരണം അതിന്റെ അന്ത്യഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. നാട്ടുകാര്‍ക്ക് പുള്ളിക്കാരന്‍ ഓഫര്‍ ചെയ്തത് അച്ഛേ ദിന്‍ ആയിരുന്നു. ജനത്തിനു കിട്ടിയതെന്ത് എന്ന വിഷയത്തെപ്പറ്റി പല തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ട്.
'അച്ഛേ ദിന്‍' എന്നു പറഞ്ഞാല്‍ ഭരിക്കുന്നവര്‍ക്ക് 'അച്ഛാ' എന്നും ഭരിക്കപ്പെടുന്ന സാദാ ജനത്തിന് 'അയ്യേ' എന്നും തോന്നുന്ന ഒരു സവിശേഷ പ്രതിഭാസമാണെന്ന് ഇപ്പോള്‍ ചില വൈയാകരണന്മാര്‍ വിശദീകരിക്കുന്നുണ്ട്. ഭരിക്കുന്നവര്‍ക്ക് ഹരം തന്നെ എന്ന കാര്യത്തില്‍ സംശയമില്ല. അടിപൊളിയാണ് സംഗതികള്‍. ഭരണകൂടത്തിന്റെ തണല്‍ പറ്റി നിന്നാലുമുണ്ട് പിടിപ്പത് നേട്ടങ്ങള്‍. പണ്ടൊരു കവി പറഞ്ഞിട്ടില്ലേ 'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം' എന്ന്.
അത്തരം സൗരഭ്യങ്ങള്‍ സംഘപരിവാരത്തിലെ ഇലത്താളക്കാര്‍ക്കും പെട്ടി ചുമക്കലുകാര്‍ക്കും സര്‍വാണിക്കാര്‍ക്കും പോലും ലഭ്യമാണത്രേ. അതുകൊണ്ടാവണം കഴിഞ്ഞ ദിവസം ഒരു ചങ്ങാതി എംഎല്‍എ നേതാവിന്റെ കാല്‍ കഴുകി ആ വെള്ളം വയറു നിറയെ അങ്ങോട്ടു കുടിച്ചത്. പുണ്യപാദങ്ങള്‍ കഴുകിയ വെള്ളമല്ലേ, കുടിച്ചാല്‍ മോക്ഷം കിട്ടുമെന്ന് പുള്ളിക്കാരന് ഉറപ്പാണ്.
അതുകൊണ്ട് ഇപ്പോള്‍ കാലുകഴുകലുകാരുടെയും കുതികാല്‍വെട്ടുകാരുടെയും ഒക്കെ നല്ല കാലമാണ് രാഷ്ട്രീയത്തില്‍. പക്ഷേ, ഈ ആഘോഷം ഇനിയും അഞ്ചു വര്‍ഷം കൊണ്ടുപോവണമെങ്കില്‍ അതിനു കാശു ചെലവുണ്ട്. അതിനും സംഘപരിവാര പ്രസ്ഥാനത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അക്ഷയപാത്രം എന്ന രീതിയിലാണ് പാര്‍ട്ടിയിലെ ഖജനാവിന്റെ അവസ്ഥ. എത്ര എടുത്താലും തീരാത്ത സമ്പത്ത്.
എങ്ങനെ ഇത്രയും പണം വന്നുവെന്നറിയണമെങ്കില്‍ നോട്ടു നിരോധനം മുതല്‍ നോക്കിയാല്‍ മതി. അതിന്റെ കണക്ക് ഈയിടെ വന്നു. 99 ശതമാനത്തിലേറെ നോട്ടും റിസര്‍വ് ബാങ്കില്‍ വന്നു. എന്നുവച്ചാല്‍ കള്ളപ്പണം മുഴുക്കെ വെള്ളപ്പണമായി. കള്ളപ്പണം വെളുപ്പിക്കാന്‍ പണ്ടും കേന്ദ്ര സര്‍ക്കാരുകള്‍ പല വിധ ഓഫറുകളും നല്‍കിയിരുന്നു. എന്നാല്‍, രാജ്യത്തെ ജനതയുടെ മൊത്തം വയറ്റത്തടിച്ച് കള്ളപ്പണക്കാരന്റെ കണക്ക് ശരിപ്പെടുത്തിക്കൊടുക്കുന്ന കിടിലന്‍ പരിപാടി ഇത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമാണ്.
അതാണ് മോദിഭരണത്തെ മുന്‍കാല കോണ്‍ഗ്രസ് ഭരണങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ അഴിമതിയില്‍ മോശക്കാരല്ല. എന്നാലും വാങ്ങുന്ന കാശിന് ഒരു കൈയും കണക്കും ഒക്കെയുണ്ടായിരുന്നു. പണ്ടൊരു നേതാവ് 'മിസ്റ്റര്‍ ടെന്‍ പെര്‍സന്റ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏതു കാര്യത്തിലും 10 ശതമാനം പുള്ളിക്കുവേണം. പിന്നീട് റേറ്റ് 30 ശതമാനം വരെ എത്തി എന്നാണ് ചിലര്‍ പറയുന്നത്. എന്നാലും അമ്പലംവിഴുങ്ങി എന്ന മട്ടില്‍ മൊത്തം രാജ്യത്തെ വിഴുങ്ങുന്ന പരിപാടിയൊന്നും കോണ്‍ഗ്രസ് ഭരണത്തില്‍ ഒരിക്കലും നടന്നതായി കേട്ടുകേള്‍വിയില്ല.
നോട്ടു കച്ചവടം പോരാഞ്ഞാണ് വിമാനക്കച്ചവടവും നടത്തിയത്. മന്‍മോഹന്‍ജിയുടെ കാലത്ത് ആന്റണിയാണ് ഫ്രഞ്ച് വിമാനം വാങ്ങാന്‍ ആലോചന തുടങ്ങിയത്. അന്ന് ഏതാണ്ട് 590 കോടി രൂപയ്ക്ക് 126 റഫേല്‍ വിമാനം വാങ്ങാനാണ് നിശ്ചയിച്ചത്. കരാര്‍ ഉറപ്പിച്ചത് മോദി വന്ന ശേഷം. മോദിയും അംബാനിയും ഒന്നിച്ചാണ് പാരിസിലേക്കു പോയത്.
വിമാനം ഒന്നിന് 1690 കോടി രൂപ കൊടുക്കാന്‍ മോദിയാശാന്‍ റെഡി. വിമാനം 126 എണ്ണം വേണ്ട, വെറും 36 എണ്ണം മതി. വിമാനത്തിന് 1100 കോടി അധികം കൊടുക്കാം. ഒരു കണ്ടീഷന്‍: അതിന്റെ റിപ്പയര്‍ മെയിന്റനന്‍സ് കരാര്‍ സര്‍ക്കാര്‍ വക ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് കമ്പനിക്കു കൊടുക്കരുത്. നമ്മുടെ പയ്യന്‍ അംബാനിക്കു കൊടുത്താല്‍ മതി.
ആരോപണം വന്നപ്പോള്‍ 'ഏയ്, ശുദ്ധ കളവ്' എന്നാണ് പരിവാരസംഘം ആര്‍ത്തുവിളിച്ചത്. രാജ്യരക്ഷാ മന്ത്രി നിര്‍മല സീതാരാമന്‍ രാഹുല്‍ ഗാന്ധിയെ മാത്രമല്ല, മൊത്തം കുടുംബത്തെയും മഹാ കള്ളന്‍മാര്‍ എന്നാണ് പറഞ്ഞത്. 'ഞങ്ങളോ, മോഷ്ടാക്കളോ! അതൊക്കെ കോണ്‍ഗ്രസ് പരിപാടി' എന്ന് തമിഴ് പേശും നടികര്‍ തിലകം അമ്മായി. പക്ഷേ, അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് മോദിയുടെയും നിര്‍മല സീതാരാമന്റെയും തനിനിറമാണ് പുറത്താക്കിയത്. മോദി പറഞ്ഞിട്ടാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനെ ഒഴിവാക്കി അംബാനിക്ക് കരാര്‍ നല്‍കിയതെന്ന് കക്ഷി മറയില്ലാതെ പറയുന്നു.
സംഗതി നാറ്റക്കേസായാലെന്താ? 36,000 കോടി ഉലുവയാണ് കീശയില്‍. കാശിനു മേല്‍ ഒരു പരുന്തും പറക്കില്ലെന്ന് മോദി-അംബാനി സംഘത്തെപ്പോലെ അറിയുന്ന കൂട്ടര്‍ വേറെ ആരുണ്ട് നാട്ടില്‍? ി

Next Story

RELATED STORIES

Share it