Flash News

അമ്പലം തകര്‍ത്ത് വിശ്വാസിനിയെ മര്‍ദിച്ചെന്ന് വ്യാജ പ്രചാരണം; സൈബര്‍ പോലിസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: അമ്പലം തകര്‍ത്ത് വിശ്വാസിനിയെ മര്‍ദിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിനെതിരേ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൈബര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 8ന് ട്വിറ്ററിലെ ശംഖ്‌നാദ് എന്ന അക്കൗണ്ടിലൂടെയാണ് മതേതര കേരളത്തില്‍ മുസ്‌ലിംകള്‍ ഒരു അമ്പലവും വിഗ്രഹവും തകര്‍ത്ത് വിശ്വാസിനിയെ മൃഗീയമായി മര്‍ദിച്ചതായി പ്രചാരണം നടന്നത്.
ഇതുസംബന്ധിച്ച് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ഐ സാജു ഏപ്രില്‍ 26ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണസംഘം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ച പോസ്റ്റുകളുടെ തെളിവുകളും പരാതിക്കാരന്‍ അന്വേഷണസംഘത്തിനു കൈമാറി. സൈബര്‍ പോലിസ് അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ടില്‍ നിന്ന് ഈ പോസ്റ്റുകള്‍ നീക്കം ചെയ്തു.
വ്യാജ ആരോപണം ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള വിവരങ്ങളെല്ലാം വ്യാജമാണ്. ആറുമാസം മുമ്പ് ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നടന്നുവെന്നു പറഞ്ഞു മറ്റൊരിടത്ത് പോസ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി കേരളത്തെ മോശമായി ചിത്രീകരിക്കാനാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമത്തില്‍ വര്‍ഗീയ പ്രചാരണം നടത്തുന്ന ഇത്തരം ഗൂഢസംഘങ്ങളുടെ പ്രവര്‍ത്തനം അനുദിനം വര്‍ധിച്ചുവരുകയാണ്. ഇതേ സംഘങ്ങളില്‍ നിന്നു നേരത്തേയും ട്വിറ്ററിലും ഫേസ്ബുക്കിലും സംസ്ഥാനത്തിനെതിരേ സമാനമായ വ്യാജ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമത്തിനു പിന്നില്‍ വര്‍ഗീയ സംഘടനകളുടെ ഗൂഢാലോചനയുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരേ നടത്തുന്ന ഇത്തരം നുണപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
നേരത്തേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേയും വര്‍ഗീയത ഇളക്കിവിടുന്ന നിരവധി പോസ്റ്റുകളും ശംഖ്‌നാദ് എന്ന അക്കൗണ്ടിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. 2017 ജൂലൈ 17ന് ഹിന്ദു യുവതിയെ സിറിയയിലേക്ക് കടത്തുമെന്നു പോലിസിനെ വെല്ലുവിളിക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ പേരിലുള്ള വ്യാജ പോസ്റ്ററും ശംഖ്‌നാദിലൂടെ പ്രചരിച്ചിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മുസ്‌ലിം യുവാക്കളാണെന്നും ശംഖ്‌നാദിലൂടെ ആരോപിക്കുകയുണ്ടായി. ഈ പോസ്റ്റുകളെല്ലാം വര്‍ഗീയ പ്രചാരണത്തിന് തെളിവായി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it