World

അമേരിക്കയുടെ മറുപടി ഇന്ത്യ കാണാനിരിക്കുന്നതേയുള്ളൂ; ഭീഷണിയുമായി ട്രംപ്‌

വാഷിങ്ടണ്‍: യുഎസ് ഉപരോധ ഭീഷണി(കാറ്റ്‌സ) അവഗണിച്ച് റഷ്യയുമായി അത്യാധുനിക മിസൈല്‍ സംവിധാനമായ എസ്400 ട്രയംഫ് വാങ്ങാനുള്ള കരാര്‍ ഒപ്പിട്ട ഇന്ത്യക്കെതിരേ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യുഎസിന്റെ ശത്രുരാജ്യങ്ങളുമായി സഖ്യമുണ്ടാക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരേ കാറ്റ്‌സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്റ്റ്) നിയമപ്രകാരം ഇന്ത്യക്കെതിരെയും നടപടിയെടുക്കാനാണ് ട്രംപിന്റെ നീക്കം.
ഇന്ത്യക്കെതിരേ നടപടികള്‍ കൈക്കൊള്ളാനുള്ള അധികാരം യുഎസ് പ്രസിഡന്റിനാണ്. എത്രയും പെട്ടെന്നുതന്നെ അതുണ്ടാവുമെന്നും നിങ്ങള്‍ കണ്ടോളൂവെന്നും ട്രംപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കഴിഞ്ഞ ആഴ്ചയാണ് എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. 543 കോടി ഡോളര്‍ (40,000 കോടി രൂപ) മുടക്കിയാണ് മിസൈല്‍ ഇന്ത്യ വാങ്ങുന്നത്.
പ്രധാനമായും റഷ്യയെ ലക്ഷ്യമിട്ടാണ് കാറ്റ്‌സ നിയമം യുഎസ് കൊണ്ടുവന്നത്. റഷ്യയില്‍ നിന്നു യുദ്ധവിമാനങ്ങളും മിസൈല്‍ പ്രതിരോധവും വാങ്ങിയതിനു ചൈനയ്‌ക്കെതിരേ അടുത്തിടെ ഈ നിയമം ഉപയോഗിച്ചിരുന്നു.

Next Story

RELATED STORIES

Share it