Kerala

അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചതിനു പിന്നില്‍ ദുരൂഹത

അമേരിക്കയില്‍ മലയാളി വെടിയേറ്റ് മരിച്ചതിനു പിന്നില്‍ ദുരൂഹത
X


ഹരിപ്പാട്/ആലപ്പുഴ: മാവേലിക്കര സ്വദേശിയായ യുവഡോക്ടര്‍ ചെട്ടികുളങ്ങര തട്ട്ക്കാട്ട് രമേശ്കുമാര്‍ അമേരിക്കയിലെ മിഷിഗണില്‍ കാറില്‍ വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ദുരൂഹത. മിഷിഗണിലെ ഡിട്രോയിറ്റ് മേഖലയിലെ ഹൈവേ സൈഡില്‍ ഒതുക്കിയിട്ടിരുന്ന സ്വന്തം കാറിന്റെ പിന്‍സീറ്റിലാണ് വെടിയേറ്റനിലയില്‍ ഡോ. രമേശ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഹെന്റി ഫോര്‍ഡ് ആശുപത്രിയിലെ ഡോക്ടറായ രമേശ്കുമാര്‍ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നില്ല. മകനെ കാണാതായതറിഞ്ഞ് അച്ഛന്‍ ഡോ. നരേന്ദ്രകുമാര്‍ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.  രമേശ്കുമാറിന്റെ ഫഌറ്റിലെത്തിയപ്പോള്‍ അവിടെയും കണ്ടില്ല. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസിന്റെ അന്വേഷണത്തിലാണ്  മിഷിഗണില്‍  കാറിന്റെ പിന്‍സീറ്റിലായി വെടിയേറ്റു മരിച്ചനിലയില്‍ രമേശ്കുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. ഡോ. നരേന്ദ്രകുമാര്‍ യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എഎപിഐയുടെ മുന്‍ പ്രസിഡന്റും ഭാരതീയ പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവുമാണ്. അമ്മ: മീനാക്ഷി പാലക്കാട് സ്വദേശിയാണ്. സഹോദരി: ശാരദ. സഹോദരി ഭര്‍ത്താവ് ഡോ. അര്‍ജുന്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് രമേശ്കുമാര്‍ എംബിബിഎസ് ബിരുദമെടുത്തത്. തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നു വീട്ടുകാര്‍ അറിയിച്ചു.കൊലപാതകത്തിനു പിന്നില്‍ വംശീയാക്രമണമാണോയെന്നു സംശയിക്കുന്നതായി പോലിസ്.  37 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന കുടുംബമാണ് ഡോ. രമേശ്കുമാറിന്റേത്. അമേരിക്കയിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളും വംശീയവിദ്വേഷം മൂലമുള്ള കൊലപാതക സാധ്യതയ്ക്ക് രണ്ടാംസ്ഥാനം മാത്രമേ നല്‍കുന്നുള്ളൂ. അതേസമയം, ഇന്ത്യക്കാര്‍ക്കും ഇസ്‌ലാംമത വിശ്വാസികള്‍ക്കുമെതിരേ യുഎസില്‍ വര്‍ധിച്ചുവരുന്ന വംശീയവിദ്വേഷ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യതയെ തള്ളിക്കളയാനാവില്ല. ഫെബ്രുവരി മാസത്തില്‍ ഹൈദരാബാദ് സ്വദേശിയായ  ശ്രീനിവാസും കണ്ണൂര്‍ സ്വദേശി ഷിനോയ് മൈക്കിളും  വംശീയാക്രമണത്തില്‍ കൊ ല്ലപ്പെട്ടിരുന്നു. ഒരു ഇന്ത്യക്കാരന്റെ വീടിനു നേരെ വംശീയ വിദ്വേഷം കലര്‍ന്ന ആക്രമണം നടന്നതായും റിപോര്‍ട്ട് വന്നിരുന്നു.  പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസില്‍ കുതിച്ചുയരുന്ന വംശീയവിദ്വേഷത്തിന്റെ ഇരയാണ് ഡോ. രമേശ് കുമാര്‍ എന്നും സംശയം ബലപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it