Pravasi

അമീര്‍ പോളണ്ട് പ്രസിഡന്റുമായി ചര്‍ച്ച നടത്തി



ദോഹ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം പോളണ്ടിലെത്തിയ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പോളണ്ട് പ്രസിഡന്റ് അന്തര്‍സേജ് ദൂദയുമായി പോളണ്ട് തലസ്ഥാനമായ വാര്‍സോയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഇന്നലെ ചര്‍ച്ച നടത്തി. ഖത്തറും പോളണ്ടും തമ്മില്‍ 28 വര്‍ഷം മുമ്പാരംഭിച്ച നയതന്ത്ര-സൗഹൃദ ബന്ധത്തെ ദൂദ ചര്‍ച്ചയുടെ തുടക്കത്തില്‍ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകുന്ന പുതിയ ബന്ധത്തിനു പാതയൊരുക്കുന്നതാണ് അമീറിന്റെയീ സന്ദര്‍ശനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സാമ്പത്തികം, സാംസ്‌കാരികം, ആരോഗ്യം, സൈനികം തുടങ്ങിയ നിരവധി മേഖലകളില്‍ ഖത്തറുമായുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിനു പോളണ്ടിനു താല്‍പര്യമുള്ളതായി ദൂദ പറഞ്ഞു. 2022 ലോകകപ്പ് പദ്ധതികളില്‍ പോളണ്ട് കമ്പനികളുടെ പങ്കാളിത്തം അദ്ദേഹം ഉറപ്പുനല്‍കി. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് അമീര്‍ വ്യക്തമാക്കി. ഖത്തര്‍ സന്ദര്‍ശനത്തിനായി പോളണ്ട് പ്രസിഡന്റിനെ അമീര്‍ ക്ഷണിക്കുകയും ചെയ്തു.നിരവധി പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളും ഇരുനേതാക്കളുടെയും ചര്‍ച്ചാ വിഷയമായി. ഫലസ്തീന്‍, സിറിയന്‍ പ്രശ്‌നങ്ങളിലെ ഖത്തര്‍, പോളണ്ട് നിലപാടുകള്‍ ചര്‍ച്ചയില്‍ പങ്കുവച്ചു. ലോകത്ത് ഭീകരതയുടെ വേരുകള്‍ അതിശക്തമായി പടരുന്നതില്‍ ഇരുരാഷ്ട്ര നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. ഭീകരതയുടെ കാരണങ്ങള്‍ കണ്ടെത്തുകയും അത് വേരോടെ പിഴുതെറിയുകയും വേണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഭീകരതക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് വിലപ്പെട്ടതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.അതേസമയം, അമീറിന്റെയും പോളണ്ട് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ നിരവധി സഹകരണ കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചു. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പ്രവേശന വിസ ഒഴിവാക്കുന്നതിനുള്ള സഹകരണ കരാറിലും സാംസ്‌കാരികം, വൈദ്യ-ആരോഗ്യ സുരക്ഷാ മേഖലയിലെ വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലെ സഹകരണ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.അമീറിനോടൊപ്പമുള്ള ഉന്നത പ്രതിനിധികളും പോളണ്ടിലെ നിരവധി മന്ത്രിമാരും ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it