അമിത്ഷായുടെ തന്ത്രങ്ങള്‍ ഫലിക്കുന്നില്ല; ബിജെപി പ്രതീക്ഷകള്‍ക്ക് മങ്ങല്‍

പി സി   അബ്ദുല്ല
ബംഗളൂരു: നാല്‍പത്തിയാറാം നാള്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടകയില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരിട്ടു നയിക്കുന്ന പ്രചാരണതന്ത്രങ്ങളൊന്നും ഫലം കാണുന്നില്ലെന്നത് ബിജെപിയെ ആശങ്കയിലാക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യ കീഴടക്കുമെന്ന അവകാശ വാദത്തിനിടെ, കര്‍ണാടക ഇത്തവണയും കൈവിട്ടുപോവുമെന്ന സൂചനകള്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാവുകയാണ്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇതിനകം പുറത്തുവന്ന രണ്ട് സര്‍വേകളിലും കോണ്‍ഗ്രസ്സിന് ഭരണത്തുടര്‍ച്ചയാണു സൂചിപ്പിക്കുന്നത്. ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ബിജെപി നടത്തിയ നേരിട്ടുള്ള സര്‍വേപ്രകാരം കോണ്‍ഗ്രസ്സിന് 100 സീറ്റ്  കിട്ടുമെന്നാണു കണ്ടെത്തല്‍. സി ഫോര്‍ സര്‍വേ പറയുന്നത് 46 ശതമാനം വോട്ടുകളോടെ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ ആറു മുതല്‍ 12 വരെ സീറ്റുകള്‍ അധികം നേടുമെന്നാണ്.
നിലവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് 122 സീറ്റാണുള്ളത്. ഈ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ പാര്‍ട്ടി അപ്രസക്തമാവുമെന്നതിനാല്‍ കോണ്‍ഗ്രസ്സിന് സ്വാധീനമില്ലാത്ത ചില ഗ്രാമീണമേഖലകളില്‍ ബിജെപി മുന്നേറ്റം നടത്തുമെന്നും പ്രവചനങ്ങളുണ്ട്. എന്നാല്‍, ലിംഗായത്ത് സമുദായത്തിന്റെ പുതിയ കോണ്‍ഗ്രസ് അനുകൂല നിലപാടില്‍ ദക്ഷിണ കന്നഡയടക്കമുള്ള ബിജെപി വോട്ടുബാങ്കുകളിലും കോണ്‍ഗ്രസ് മുന്നേറാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
ഉത്തരേന്ത്യന്‍ മാതൃകയില്‍ മത-ജാതി ധ്രുവീകരണങ്ങളാണ് കര്‍ണാടകയില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പു നീക്കങ്ങളുടെ തുടക്കം മുതല്‍ അമിത് ഷാ ലക്ഷ്യമിട്ടത്. എന്നാല്‍, ലിംഗായത്തുകള്‍ക്ക് പ്രത്യേക പരിഗണന അനുവദിച്ചതടക്കമുള്ള നീക്കങ്ങളിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ അതേ നാണയത്തി ല്‍ ബിജെപിയെ നേരിട്ടതോടെ അമിത് ഷായുടെയും ബിജെപിയുടെയും നീക്കങ്ങള്‍ പാളി. ഇതോടൊപ്പം, കര്‍ണാടകയിലെ പരമ്പരാഗത മത-ജാതി സമവാക്യങ്ങളിലൂന്നിയുള്ള പ്രചാരണതന്ത്രം രാഹുല്‍ഗാന്ധി ആവിഷ്‌കരിച്ചതും ബിജെപിക്ക് വലിയ പ്രതിരോധം തീര്‍ത്തു.
കര്‍ണാടകയിലെ സവര്‍ണ, അവര്‍ണ വോട്ടുബാങ്കുകളെ തന്ത്രപരമായി സ്വാധീനിക്കുന്ന സമീപനമാണു പ്രചാരണങ്ങളില്‍ രാഹുല്‍ കൈക്കൊള്ളുന്നത്. ഉഡുപ്പി മഠം ഉള്‍പ്പെടെയുള്ള സവര്‍ണകേന്ദ്രങ്ങള്‍ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കുക വഴി സംസ്ഥാനത്തെ ഗണ്യമായ പിന്നാക്കജാതി വോട്ടുകളാണ് രാഹുല്‍ഗാന്ധി പാര്‍ട്ടിയിലേക്ക് അടുപ്പിച്ചത്.
ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതും ബിജെപിക്ക് വിനയായെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകള്‍. ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി ആവശ്യപ്പെട്ട് യെദ്യൂരപ്പ മുന്‍ യുപിഎ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, സിദ്ധരാമയ്യ സര്‍ക്കാര്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയതോടെ എതിര്‍പ്പുമായി യെദ്യൂരപ്പ രംഗത്തുവന്നത് ബിജെപിക്ക് വലിയ തലവേദനയായി.
ബിജെപിയുടെ കര്‍ണാടകയിലെ നിര്‍ണായക വോട്ടുബാങ്കായ കുടക് ജില്ലയിലെ കൊടവ സമുദായം പ്രത്യേക മതപദവി ആവശ്യപ്പെട്ട് രംഗത്തുവന്നതും ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി. മൂന്നാംഘട്ട പ്രചാരണത്തിനായി തിങ്കളാഴ്ച കര്‍ണാടകയിലെത്തിയ അമിത് ഷാ ലിംഗായത്ത്, കൊടവ സമുദായങ്ങളോട് എന്തു സമീപനം സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തില്‍ ലിംഗായത്തുകാരനായ യെദ്യൂരപ്പ മുഖ്യമന്ത്രിയാവുന്നതു തടയാനാണ് ലിംഗായത്തുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രത്യേക മതപദവി നല്‍കിയതെന്നാണ് അമിത് ഷാ ആരോപിച്ചത്. എന്നാല്‍, ലിംഗായത്ത് സമുദായത്തിന്റെ ആവശ്യത്തി ല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമാക്കാന്‍ ബിജെപി അധ്യക്ഷന് കഴിഞ്ഞില്ലെന്നതു ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it