Districts

അമിതശബ്ദം: ബുള്ളറ്റ് ബൈക്കുകള്‍ക്കെതിരേ നടപടി കര്‍ശനമാക്കി

അമിതശബ്ദം: ബുള്ളറ്റ് ബൈക്കുകള്‍ക്കെതിരേ നടപടി കര്‍ശനമാക്കി
X
കണ്ണൂര്‍: അമിതവേഗതയും കാതടപ്പിക്കുന്ന ശബ്ദവുമായി ബുള്ളറ്റ് ബൈക്കുകള്‍ ഓടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ അമിതശബ്ദം പുറപ്പെടുവിച്ച് അമിതവേഗത്തില്‍ ഓടിച്ച 50 എന്‍ഫീല്‍ഡ് ബുള്ളറ്റുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് അയച്ചു.



വാഹന ഉടമകള്‍ നല്‍കുന്ന മറുപടിപ്രകാരം തുടര്‍നടപടി സ്വീകരിക്കും. 14 ദിവസത്തിനകം മറുപടി നല്‍കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇക്കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ഇത്തരം ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ നമ്പര്‍ സഹിതം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കൈമാറിയിട്ടുണ്ട്.

പുതുതായി നിരത്തിലിറക്കുന്ന ബുള്ളറ്റ് ബൈക്കുകളില്‍ മിക്കതും ഉടമകള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുകയാണ്. സൈലന്‍സറില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ച് അമിതശബ്ദം സൃഷ്ടിക്കുകയും വാഹനത്തിന്റെ മുന്‍ഭാഗത്ത് ഉള്‍പ്പെടെ മാറ്റംവരുത്തുകയും ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും അമിതശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ നശിപ്പിക്കാനുമാണ് തീരുമാനം. ഉടമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. അതേസമയം, പരിശോധനയില്‍ 110 വാഹനങ്ങള്‍ക്കെതിരേ കേസെടുക്കുകയും 85,000 രൂപ പിഴയീടാക്കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാത്ത 22 പേര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്ത 15 വാഹനങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിച്ചു. നികുതി അടക്കാത്ത അഞ്ചു വാഹനങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ജോയിന്റ് ആര്‍ടിഒ അബ്ദുല്‍ ഷുക്കൂര്‍, എംവിഐ അനൂപ്, എഎംവിഐ അജ്മല്‍ ഖാന്‍, രാജേഷ് കോറോത്ത്, മനോജ് കുമാര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it