malappuram local

അമരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസം പാസായി

നിലമ്പൂര്‍: അമരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി സുജാതയ്‌ക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ പാസായി. പ്രമേയം പാസാവുമെന്ന് ഉറപ്പായത്തോടെ യുഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പിന് എത്തിയില്ല. നിലവിലെ 18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് വിമതന്‍ ടി പി ഹംസ ഉള്‍പ്പെടെ പത്തുപേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 19 അംഗ ഭരണസമിതിയില്‍ ഉപ്പുവള്ളി വാര്‍ഡില്‍ നിന്നു ജയിച്ച അജിത രാജു രാജിവച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. അജിതയുടെ രാജിയോടെ ഇരുമുന്നണികള്‍ക്കും ഒമ്പത് സിറ്റ് വീതമായി. ഇതിനിടയിലാണ് കഴിഞ്ഞ ശനിയാഴ്ച എല്‍ഡിഎഫിന് പിന്തുണയുമായി കോണ്‍ഗ്രസ് അംഗം ഹംസ രംഗത്തെത്തിയത്. 18 വര്‍ഷമായി ഭരിക്കുന്ന പഞ്ചായത്താണ് അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് എല്‍ഡിഎഫ് നല്‍കിയ ത്തവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂര്‍ സിഐ കെ എം ബിജുവിന്റെ നേതൃത്തത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്തിരുന്നു. പതിനൊന്ന് മണിയോടെ അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങളും കോണ്‍ഗ്രസ് വിമതന്‍ ഹംസയും പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന കാളികാവ് ബ്ലോക്ക് ബിഡിഒ പി കേശവദാസ് പ്രമേയം പാസായതായി അറിയിച്ചു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയ ഹംസ ഉള്‍പ്പെടെയുള്ളവരെ പുറത്ത് കാത്തുനിന്നിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളികളോടെ സ്വീകരിച്ചു. പിന്നീട് ടൗണില്‍ പ്രകടനം നടത്തി.

Next Story

RELATED STORIES

Share it