അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ പായ്‌വഞ്ചി തകര്‍ന്ന് അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ലോകരാജ്യങ്ങള്‍ കൈകോര്‍ത്ത് നടത്തിയ ശ്രമങ്ങള്‍ മൂന്നാം ദിവസമാണ് ഫലം കണ്ടത്. ദക്ഷിണേന്ത്യന്‍ സമുദ്രത്തില്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,900 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തകര്‍ന്ന പായ്‌വഞ്ചിയില്‍ അഭിലാഷ് കുടുങ്ങിക്കിടന്നിരുന്നത്. ഫ്രഞ്ച് മല്‍സ്യബന്ധനയാനമായ ഒസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതെന്ന് നാവികസേന അറിയിച്ചു.
ഇന്ത്യന്‍ നാവികസേനയുടെ പി-8ഐ പട്രോള്‍ വിമാനം രാവിലെയാണ് മേഖലയില്‍ എത്തിയത്. നടുവിനു പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവന്‍ ഛര്‍ദിച്ചെന്നും അഭിലാഷ് ഒടുവില്‍ സന്ദേശമയച്ചിരുന്നു. മെഡിക്കല്‍ ഓഫിസറും ഒറ്റ ബെഡ്ഡുള്ള ആശുപത്രി സൗകര്യവും അടങ്ങിയ ഒസിരിസില്‍ നിന്ന് അഭിലാഷിന്റെ അരികിലെത്താന്‍ സോഡിയാക് ബോട്ട് ഉപയോഗിച്ചു.
സ്‌ട്രെച്ചര്‍ ഉപയോഗിച്ചാണ് അഭിലാഷിനെ ബോട്ടിലേക്കു മാറ്റിയത്. അഭിലാഷ് സുരക്ഷിതനാണെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന പറഞ്ഞു. ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടുപോവുന്ന അഭിലാഷിന് അവിടെയാണ് ചികില്‍സ നല്‍കുക. ഒസിരിസില്‍ അഭിലാഷിന് പ്രഥമശുശ്രൂഷ ലഭ്യമാക്കി. അഭിലാഷിനൊപ്പം മറ്റൊരു പായ്‌വഞ്ചിയില്‍ അപകടത്തില്‍പ്പെട്ട അയര്‍ലന്‍ഡുകാരന്‍ ഗ്രിഗര്‍ മക്ഗുകിനെയും ഒസിരിസ് രക്ഷപ്പെടുത്തും.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. നിര്‍ത്താതെ ഒറ്റയ്ക്ക് 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. മൂന്നാംസ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്റെ തുരിയ എന്ന പായ്‌വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും 14 മീറ്ററിലേറെ ഉയര്‍ന്നുപൊങ്ങിയ തിരമാലയിലുംപെട്ടാണ് തകര്‍ന്നത്.
അടുത്തദിവസം എത്തുന്ന ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുര അഭിലാഷിനെ വിദഗ്ധ ചികില്‍സയ്ക്കായി മൊറീഷസിലേക്ക് മാറ്റുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
ജിപിഎസ് അടക്കം ആധുനിക സംവിധാനങ്ങളൊന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെ ആശ്രയിച്ചാണ് പ്രയാണം. നേരത്തേ അഭിലാഷ് ഒറ്റയ്ക്കു ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‌വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണുള്ളത്. 18 പേരാണ് ജൂലൈ ഒന്നിന് മല്‍സരം തുടങ്ങിയതെങ്കിലും മോശം കാലാവസ്ഥ കാരണം ഏഴുപേര്‍ പിന്മാറിയിരുന്നു.

Next Story

RELATED STORIES

Share it