kannur local

അഭിമാന നിറവില്‍ കണ്ണൂര്‍ കലക്ടര്‍

കണ്ണൂര്‍: രാജ്യത്തെ മികച്ച 10 ഐഎഎസ് ഓഫിസര്‍മാരില്‍ ഒരാളായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയെ ദി ബെറ്റര്‍ ഇന്ത്യ ഓണ്‍ലൈന്‍ തിരഞ്ഞെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതിയാണ് അദ്ദേഹത്തെ അംഗീകാരത്തിനു അര്‍ഹനാക്കിയത്.
കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസിബിള്‍ പ്ലേറ്റ്-കപ്പ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ 2016 കേരളപ്പിറവി ദിനത്തിലാണു തുടങ്ങിയത്. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയോടെ പദ്ധതി വിജയകരമായി നടപ്പാക്കി. ഇതിനകം ജില്ലയിലെ 81 തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് കാരിബാഗ് ഡിസ്‌പോസിബിള്‍ ഫ്രീ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് 2017 ഏപ്രില്‍ 30ന് പി കെ ശ്രീമതി എംപി സംസ്ഥാനത്തെ ആദ്യ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു. കേരള പഞ്ചായത്തീരാജ് നിയമവും 2016ലെ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരവുമായിരുന്നു നടപടി. ജില്ലാതല പ്രഖ്യാപനത്തിനു ശേഷം നിയമപരമായ നടപടികളും ആരംഭിച്ചിട്ടുണ്ട്. 2016 ആഗസ്ത് 17നാണ് മിര്‍ മുഹമ്മദലി കണ്ണൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റത്. 2011 ഐഎഎസ് ബാച്ചുകാരനായ ഇദ്ദേഹം ചെന്നൈ സ്വദേശിയാണ്. നേരത്തെ സര്‍വേ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പ് ഐജിയുടെ ചുമതലയും വഹിച്ചു. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായിട്ടാണ് സര്‍വീസ് ആരംഭിച്ചത്. രണ്ടുവര്‍ഷം തൃശൂരില്‍ സബ് കലക്ടറായിരുന്നു.
Next Story

RELATED STORIES

Share it